രാസവളം ചാക്കിന് 250 രൂപ കൂടി

Friday 11 July 2025 11:58 PM IST

നട്ടംതിരിഞ്ഞ് കർഷകർ

തിരുവനന്തപുരം: രാസവളങ്ങൾക്ക് ചാക്കിന് 250 കോടി രൂപ വരെ കൂടിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. രാസവള സബ്സിഡിയും ബ‌‌ഡ്‌ജറ്റ് വിഹിതവും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതാണ് വിലവർദ്ധനയ്ക്ക് കാരണം.

പൊട്ടാഷ്, എൻ.പി.കെ (നൈട്രജൻ- ഫോസ്‌ഫേറ്റ് -പൊട്ടാസിയം) എന്നിവയ്ക്ക് 250 രൂപ കൂടി. ഡൈഅമോണിയം ഫോസ്‌ഫേറ്റിന് 150 രൂപയുടെയും വർദ്ധനയുണ്ടായി.

2024ൽ നെല്ല് ഉത്പാദന ചെലവ് ഏക്കറിന് 28,000 രൂപ ആയിരുന്നു. വർദ്ധനയോടെ ഇത് 40,000 രൂപയിലധികമായി ഉയരും. റബ്ബറിന് ഒരേക്കറിൽ വർഷത്തിൽ രണ്ടുതവണ വളം നൽകാൻ 3,000 രൂപയുടെ അധികച്ചെലവ് വരും. തെങ്ങ്, വാഴ, പച്ചക്കറി കൃഷിക്കും തിരിച്ചടിയാണ്.

പുറത്ത് കുറയുമ്പോൾ

ഇന്ത്യയിൽ വില കൂടി

2023-24ൽ ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങളുടെ കേന്ദ്രബഡ്ജറ്റ് വിഹിതം 60,300 കോടിയായിരുന്നു. 2024-25ൽ 52,310 കോടിയായും 2025- 26ൽ 49,000 കോടിയായും കുറച്ചു

പൊട്ടാഷിന് അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറഞ്ഞു വരുമ്പോഴാണ് രാജ്യത്ത് കൂടിയത്. പൊട്ടാഷ് പൂർണമായി ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ

2024 മേയിൽ​ പൊട്ടാഷിന്റെ അന്താരാഷ്ട്ര വില ടണ്ണിന് 319 ഡോളർ ആയിരുന്നത് ഇപ്പോൾ 283 ഡോളറായി കുറഞ്ഞിട്ടുണ്ട്

കർഷകവിരുദ്ധ നിലപാടുകൾ കേന്ദ്രം അവസാനിപ്പിക്കണം. കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കണം.

-പി.പ്രസാദ്,​ കൃഷി മന്ത്രി