മോദി വ്യക്തിപ്രഭാവമുള്ള നേതാവെന്ന് ശശി തരൂർ
ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിനും കോൺഗ്രസിനും വേദനിക്കുന്നിടത്ത് പ്രഹരിക്കുന്നത് തുടർന്ന് പാർട്ടിയുടെ ലോക്‌സഭാ എം.പി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപ്രഭാവമുള്ള നേതാവെന്നാണ് കഴിഞ്ഞദിവസം ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിൽ തരൂർ വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ സംബന്ധിച്ച ലേഖനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും നിശിതമായി വിമർശിച്ചത്
വിവാദമായിരുന്നു.
മോദി സർക്കാരിന്
തുറന്ന പിന്തുണ
മോദി സർക്കാരിന് തുറന്ന പിന്തുണ നൽകുന്ന നിലയിലാണ് ലണ്ടനിലെ തരൂരിന്റെ പ്രസംഗം. 'ഇന്ത്യ 2047' എന്ന വിഷയത്തിലായിരുന്നു സെമിനാർ. 2047ൽ വികസിത ഭാരതമെന്നത് മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന മുദ്രാവാക്യമാണ്. കോൺഗ്രസിന്റെ ഇടതുസ്വഭാവമുള്ള നയങ്ങളിൽ നിന്ന് ഇന്ത്യ പ്രകടമായി വഴിമാറിയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഉദാരവത്ക്കരണം, ആഗോളവത്കരണം എന്നിവയിലേക്കുള്ള നിലവിലെ പാത രാജ്യത്തിന് പ്രയോജനകരമാണ്. കഴിഞ്ഞ 78 വർഷമായി രാജ്യത്തിന്റെ നയങ്ങളിൽ മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ചും വിദേശനയത്തിലും ഭരണത്തിലും. ബി.ജെ.പി സർക്കാരിന് കീഴിൽ ദേശീയതയെന്ന ബോധം വളരുകയാണ്. കോൺഗ്രസിന്റെ നയങ്ങൾക്ക് ഉപരിയായി മോദിയുടെ നേതൃത്വം ദേശീയതയുടെ ചട്ടക്കൂട് ഉയർത്തിപിടിക്കുന്നതാണെന്നും തരൂർ പ്രകീർത്തിച്ചു.
എ.ഐ.സി.സി
നടപടി വരും
ശശി തരൂരിന്റെ പ്രവൃത്തികളിൽ അമർഷമുണ്ടെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് പരസ്യമായി പ്രതികരിച്ചിട്ടില്ല. അവഗണിക്കുകയെന്ന നിലപാടിലാണ് ഇപ്പോഴും ദേശീയ നേതൃത്വം. എന്നാൽ, കൂടുതൽ കാലം ഇങ്ങനെ പോകാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വികാരം. കേരളത്തിലെ നേതാക്കൾ അടക്കം അതൃപ്‌തി അറിയിച്ചിട്ടുണ്ട്. തരൂരിന്റെ കാര്യത്തിൽ എ.ഐ.സി.സി യഥാസമയം നിലപാടെടുക്കുമെന്നാണ് ദേശീയ നേതാക്കൾ നൽകുന്ന സൂചന.ബി.ജെ.പിയുടെ വാക്കുകൾ ഉരുവിടുന്ന തത്തമ്മയെന്ന് തരൂരിന്റെ പേരെടുത്ത് പറയാതെ കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പ്രതികരിച്ചു. അതേസമയം, അടിയന്തരാവസ്ഥയ്‌ക്കെതിരായ ശശി തരൂരിന്റെ ലേഖനത്തെ ബി.ജെ.പി സ്വാഗതം ചെയ്‌തു.
ശ്വാസം മുട്ടുന്നെങ്കിൽ തരൂർ പാർട്ടി വിടണം: കെ.മുരളീധരൻ
ആലപ്പുഴ : മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്ന ശശി തരൂരിനെപ്പറ്റി ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം. നിലവിലെ മുന്നോട്ടുപോക്ക് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടാവും. ഒന്നുകിൽ പാർട്ടിക്ക് വിധേയനായി ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിലെ രീതികളുമായി മുന്നോട്ടുപോയാൽ തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം ഇല്ലാതാവും. മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. കോൺഗ്രസുകാരിൽ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കും. ,,,,രണ്ട് വീണമാരെക്കൊണ്ട് പിണറായിക്ക് കഷ്ടകാലമാണ്. ഒന്ന് മകളാണ്. അത് ഉപേക്ഷിക്കാൻ പറ്റില്ല. മന്ത്രി വീണയെ പുറത്താക്കണം. തകർന്ന കെട്ടിടത്തിനടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീണാ ജോർജ്ജ് കോട്ടയത്തില്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപ്പെട്ടേനെ. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലല്ല, മോർച്ചറിയിലാണ്. പരിയാരം മെഡിക്കൽ കോളേജ് ഭരിക്കുന്നത് ജയരാജൻമാരാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.