ആരേയും തഴഞ്ഞില്ല, ഇത് നെക്സ്റ്റ് ജനറേഷൻ ടീം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ പാർട്ടി പാരമ്പര്യത്തിനും സീനിയോറിറ്റിക്കുമല്ല പ്രധാന്യം നൽകിയതെന്നും ജയത്തിനും പാർട്ടിക്ക് പുതിയ രൂപഭാവങ്ങളും മുഖച്ഛായയും നൽകുന്ന തലമുറമാറ്റത്തിനും യുവത്വത്തിനും പ്രസരിപ്പിനുമാണ് മുൻഗണന നൽകിയതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിയാലോചിച്ചാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ആരേയും തഴഞ്ഞിട്ടില്ല. ഇത് നെക്സ്റ്റ് ജനറേഷൻ പാർട്ടി ടീമാണ്.
സംസ്ഥാന ടീമിൽ ഇടംനേടിയ ഷോൺ ജോർജ്, അനൂപ് ആന്റണി, കെ.കെ.അനീഷ്, എസ്. സുരേഷ് എന്നിവർ ആ മാറ്റത്തിന്റെ പ്രതിഫലനമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ അദ്ധ്യക്ഷന്മാരായ വി.വി.രാജേഷ്. എം.വി.ഗോപകുമാർ എന്നിവരെയും സംസ്ഥാന ടീമിന്റെ ഭാഗമാക്കി. റിസൾട്ട് ഉണ്ടാക്കുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.