സ്കൂൾ സമയമാറ്റം പിൻമാറില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
കൊല്ലം: ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്കൂൾ സമയ മാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്നും പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ സമയ വിവാദത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമയ മാറ്റം ആലോചനയിലില്ല. വിദഗ്ദ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അദ്ധ്യാപക സംഘടനകൾ ഉൾപ്പടെ ഇത് അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യത്തിന് വേണ്ടി സമയം ക്രമീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ സമയമാറ്റം: വിമർശനവുമായി കാന്തപുരം വിഭാഗം
മലപ്പുറം: സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എ.പി സമസ്ത. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റേയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണമെന്ന് കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃക്യാമ്പിൽ വിമർശനമുയർന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ക്യമ്പ് ഉദ്ഘാടനം ചെയ്തത്. സമയ മാറ്റത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കീം റാങ്ക് പട്ടിക വിഷയത്തിൽ സർക്കാർ വിവേകത്തോടെ പെരുമാറണം. ഉന്നയിച്ച പരാതികൾ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.കെ സമസ്ത വിഭാഗം സർക്കാരിനെതിരെ ശക്തമായി മുന്നോട്ടുപോവുമ്പോഴാണ് ഇടത് അനുകൂലികളായ എ.പി സമസ്തയുടെയും വിമർശനം. കേരള മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മേഖലാതലങ്ങളിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീരുമാനം സർക്കാർ തിരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തു വരും. ആഗസ്റ്റിൽ കളക്ടറേറ്റുകളുടെ മുന്നിൽ ധർണ സംഘടിപ്പിക്കും. സെപ്തംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും. തീരുമാനം പിൻവലിക്കും വരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം.