ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ

Saturday 12 July 2025 12:02 AM IST

കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 2025-26 വർഷത്തേക്കുള്ള ബിരുദ,ബിരുദാനന്തര,സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് സെപ്തംബർ 10വരെ അപേക്ഷിക്കാം.

പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ,മിനിമം യോഗ്യത ഉള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.വിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് യു.ജി.സി-ഡി.ഇ.ബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്. ടി.സി നിർബന്ധമല്ല. സംരംഭകത്വത്തിനും,സ്റ്റാർട്ടപ്പിനും പ്രോത്സാഹനം നൽകുന്ന രീതിയിലാണ് കോഴ്‌സുകൾ.

ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡിൽ അംഗീകൃത യൂണിവേഴ്‌സിറ്റികൾ നടത്തുന്ന ഡിഗ്രി,റഗുലർ ഡിഗ്രിക്ക് തുല്യമാണ് എസ്.എൻ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകൾ. യു.ജി.സി,​ പി.എസ്‌.സി, യു.പി.എസ്‌.സി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഈ ബിരുദങ്ങൾ പരിഗണിക്കപ്പെടും.

വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ 30ലധികം ലേണിംഗ് സപ്പോർട്ട് കേന്ദ്രങ്ങളുണ്ട്. കേരളത്തിലുടനീളം 50ൽ അധികം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.പഠന കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിലും ശനി,​ ഞായർ ദിവസങ്ങളിലും അക്കാഡമിക് കൗൺസലിംഗ് ക്ലാസുകളും ഓൺലൈൻ ക്ലാസുകളും ലഭിക്കും.ഡിജിറ്റൽ റിസോഴ്‌സുകളായി എൽ ഡെസ്‌ക് എന്ന പഠന ആപ്പ്, ഫ്‌ളിപ് ബുക്ക്, റെക്കോർഡഡ് ക്ലാസുകൾ എന്നിവ നൽകുന്നുണ്ട് .

പ്രോഗ്രാമുകൾ

17 ബിരുദ പ്രോഗ്രാമുകൾക്കും 12 ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.നാലു വർഷ കാലയളവിലുള്ള ആറു ഓണേഴ്‌സ് പ്രോഗ്രാമുകളുണ്ട്. ബി.കോം (ഫിനാൻസ് & കോഓപ്പറേഷൻ വിത്ത് ഇലക്ടീവ് ഇൻ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്)),ബി.ബി.എ (HR, Marketing, Finance, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്), ബി.എ ഹിസ്റ്ററി, മലയാളം,സോഷ്യോളജി,ഇംഗ്ലീഷ് എന്നിവയിലാണ് ഓണേഴ്‌സ് പ്രോഗ്രാമുള്ളത്. ഹിന്ദി,അറബിക്,അഫ്‌സൽ ഉൽ ഉലമ,അറബിക്,സൈക്കോളജി,പൊളിറ്റിക്കൽ സയൻസ്, നാനോ ഓൺട്രപ്രെന്യൂർഷിപ്,ഫിലോസഫി,ഇക്കണോമിക്‌സ്. സംസ്‌കൃതം എന്നിവയിൽ മൂന്നു വർഷ ബി.എ പ്രോഗ്രാമുകളുണ്ട്. ബി.എസ്‌സി ഡാറ്റ സയൻസ് & അനലിറ്റിക്‌സ്, ബി.സി.എ കോഴ്‌സുകളുമുണ്ട്. ഇംഗ്ലീഷ്, മലയാളം,ഹിന്ദി,സംസ്‌കൃതം,ഹിസ്റ്ററി,അറബിക്,ഫിലോസഫി,സോഷ്യോളജി,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, അറബിക്,പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്‌സ് എന്നിവയിൽ എം.എ പ്രോഗ്രാമുകൾ, എം.കോം എന്നിവയുണ്ട്. www.sgou.ac.in.

എം.സി.എ, എം.ബി.എ പ്രോഗ്രാമുകൾ

സർവകലാശാല ആരംഭിക്കുന്ന എം.സി.എ, എം.ബി.എ പ്രോഗ്രാമുകൾക്ക് പ്രത്യേക നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ വിഷയങ്ങൾക്കനുസരിച്ചുള്ള ബിരുദാനന്തര പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. സൈബർ സെക്യൂരിറ്റി അനലിസ്റ്റ്,അപ്ലൈഡ് മെഷീൻ ലേണിംഗ്,കമ്മ്യൂണിക്കേഷൻ സ്‌കിൽസ് & ഫൌണ്ടേഷൻ കോഴ്‌സ് ഫോർ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നിവയിൽ സ്‌കിൽ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്. സർക്കാർ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സായാഹ്‌ന/പാർട്ട് ടൈം/വിദൂര വിദ്യാഭ്യസ/ഓൺലൈൻ കോഴ്‌സുകളിൽ ചേർന്ന് പഠിക്കാനും അവസരമുണ്ട്.