സൗരോർജ്ജ പമ്പ്: 100 കോടി ക്രമക്കേടെന്ന് ചെന്നിത്തല

Saturday 12 July 2025 12:03 PM IST

തിരുവനന്തപുരം: പി.എം. കുസും പദ്ധതിയിലൂടെ കേരളത്തിലെ കർഷകർക്ക് സൗരോർജ്ജ പമ്പുകൾ വിതരണം ചെയ്യുന്നതിൽ 100 കോടിയുടെ ക്രമക്കേട് നടന്നെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിസ്ഥാന ടെൻഡർ നിരക്കിൽ മാറ്റംവരുത്തി. 5 കോടി രൂപ വരെ ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനർട്ട് സി.ഇ.ഒ 240 കോടിക്കാണ് വിളിച്ചത്. ഇതിൽ സി.ഇ.ഒയ്ക്കും മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും പങ്കുണ്ട്.

കേന്ദ്രം നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ടെൻഡർ നൽകിയത്. മൊത്തം ഇടപാടിൽ 100 കോടിയുടെ വ്യത്യാസമുണ്ടായി. 175 കോടി നബാർ‌ഡിൽ നിന്ന് വായ്പയെടുത്ത് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യ ടെൻഡറിൽ കേന്ദ്ര മാനദണ്ഡപ്രകാരം നിരക്ക് സമർപ്പിച്ച കമ്പനിയെ ഒഴിവാക്കി വീണ്ടും ടെൻഡർ നടത്തി.

സർക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെയാണ് 2022 ആഗസ്റ്റ് 10ന് അനർട്ട് സി.ഇ.ഒ 240 കോടിയുടെ ആദ്യ ടെൻ‌ഡർ ക്ഷണിച്ചത്. 13 കമ്പനികൾ പങ്കെടുത്തു. ടെക്നിക്കൽ ബിഡ് സമർപ്പിച്ച 6 കമ്പനികളിൽ അതിഥി സോളാർ ആണ് കുറഞ്ഞതുക രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പദ്ധതിയുമായി തുടർന്നുപോകാൻ താത്പര്യമില്ലെന്ന് അതിഥി സോളാർ ഇ-മെയിൽ മുഖേന അറിയിച്ചെന്നാണ് അനർട്ട് സി.ഇ.ഒ പറയുന്നത്. ഇ-മെയിൽ പകർപ്പ് ഫയൽ രേഖകളിലില്ല. 6 കമ്പനികളെയും പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ടെൻഡർ റദ്ദാക്കുകയാണെന്ന് അറിയിച്ചു. റീടെൻഡറിൽ ബെഞ്ച് മാർക്കിനേക്കാൾ ഇരട്ടിത്തുക ക്വാട്ട് ചെയ്ത് ടെൻഡറിൽ മാറ്റം വരുത്താൻ വഴിവിട്ട് അനുമതി നൽകി.

മന്ത്രിയുടെ മൗനനാനുവാദത്തോടെയാണ് ക്രമക്കേടുണ്ടായതെന്ന് വ്യക്തമാണ്. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം. അനർട്ടിനെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങൾ വരുംദിനങ്ങളിൽ പുറത്തുവിടും.