ആദ്യമാസ ശമ്പളം കിട്ടാതെ സ്കൂൾ പാചകത്തൊഴിലാളികൾ

Saturday 12 July 2025 12:08 AM IST

ആലപ്പുഴ:പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യമാസം തന്നെ സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങി.എല്ലാ മാസവും അഞ്ചാംതീയതി ശമ്പളം നൽകുമെന്നായിരുന്നു ഏപ്രിലിൽ നടത്തിയ ചർച്ചയിലെ സർക്കാർ വാഗ്ദാനം.അതാണ് പാലിക്കപ്പെടാതെ പോയത്.മുൻവർഷങ്ങളിൽ സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് തൊഴിലാളികൾ ശമ്പളം വാങ്ങിച്ചെടുത്തത്.പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണമാണ് ഇത്തവണ സ്കൂളുകളിൽ നൽകുന്നത്.ഇവ തയ്യാറാക്കാൻ ആവശ്യത്തിന് തൊഴിലാളികളില്ല.അതിനിടെയിലാണ് കൂലി മുടങ്ങിയത്.കേന്ദ്രനിയമ പ്രകാരം 1000 രൂപയാണ് പ്രതിമാസ ഓണറേറിയം.600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം.22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ നിരക്കിൽ 13,200 രൂപ സംസ്ഥാനം നൽകുന്നുണ്ട്.കേന്ദ്ര നിയമപ്രകാരമുള്ള 1000 രൂപ ഉൾപ്പെടെയാണിത്.

നടപ്പാകാത്ത വാഗ്ദാനങ്ങൾ

250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന വ്യവസ്ഥ

 മിനിമം കൂലി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കും

 ഐ.ഡി കാർഡ്,ഏപ്രൺ എന്നിവ വിതരണം ചെയ്യും

 ബാങ്ക് മുഖേന ഇൻഷ്വറൻസ് പദ്ധതി

 വിരമിക്കൽ ആനുകൂല്യങ്ങളടക്കം ജൂണിൽ ചർച്ച ചെയ്യും

500കുട്ടികൾക്ക് ഒരു തൊഴിലാളി

സ്കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്.150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഓരാളെക്കൊണ്ട് സാധിക്കില്ലെന്ന് ഇവർ പറയുന്നു.തമിഴ്നാട്ടിൽ ഒരു ഓർഗനൈസർ, കുക്ക്, കുക്ക് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തിക.

ആകെ അംഗീകൃത തൊഴിലാളികൾ: 13453

നിലവിൽ ജോലി ചെയ്യുന്നവർ: 20000ൽ അധികം

ദിവസശമ്പളം: 600

ഉത്സവബത്ത: 1300

അവധിക്കാല അലവൻസ്: 2000

നിരവധി സമരങ്ങൾക്കൊടുവിലാണ് സർക്കാർ തൊഴിലാളികളുടെ യോഗം വിളിച്ചത്.ഈ യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്തത് വഞ്ചനയാണ്

-പി.ജി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി,​

സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)