ആത്മഹത്യാക്കുറിപ്പ് പുറത്ത് , വിപഞ്ചിക നേരിട്ടത് ക്രൂരപീഡനം
ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ആരോപണം
കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചിക ഭർത്താവിൽ നിന്നും ഭർത്തൃകുടുംബാംഗങ്ങളിൽ നിന്നും നേരിട്ടത് അതിക്രൂരപീഡനം. വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതി ഫേസ്ബുക്കിലിട്ട ആത്മഹത്യാക്കുറിപ്പിലാണ് എല്ലാം വിവരിക്കുന്നത്.
തന്റെ മരണത്തിന് ഉത്തരവാദികളായി ഭർത്താവ് നിതീഷ് മോഹൻ, ഭർത്തൃസഹോദരി, ഭർത്തൃപിതാവ് നിതീഷ് മോഹൻ എന്നിവരുടെ പേരുകളാണ് എഴുതിയിട്ടുള്ളത്. വീട്ടുജോലിക്കാരിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും പറയുന്നുണ്ട്.
ഭർത്തൃപിതാവ് വളരെ മോശമായി പെരുമാറി. ഭൃത്തൃസഹോദരിക്കെതിരെയും ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളുണ്ട്.
ഇതിനുപുറമേ മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വിപഞ്ചിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പീഡനം സംബന്ധിച്ച കുറിപ്പും ബന്ധുക്കൾ പുറത്തുവിട്ടു. ആ കുറിപ്പ് പിന്നീട് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വരച്ചേർച്ചയിലല്ലായിരുന്ന വിപഞ്ചികയും നിതീഷും പ്രത്യേകം ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്. രാത്രി കൂട്ടുകിടക്കാനെത്തിയ ജോലിക്കാരി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. താനും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് നിതീഷ് പറഞ്ഞത്. ഇത് വിശ്വസനീയമല്ലെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു. ഷാർജയിലെ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ വ്യാഴാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
കൊലയാളികളെ
വെറുതെ വിടരുത്
(അത്മഹത്യാക്കുറിപ്പിൽ നിന്ന്)
'' ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. മരിക്കാൻ ഒരു ആഗ്രഹവുമില്ല. എന്റെ കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീർന്നിട്ടില്ല. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്നൊക്കെപ്പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു, എല്ലാം സഹിച്ചു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഭർത്തൃപിതാവ് വാങ്ങിയ എന്റെ ആഭരണ ലോക്കറിന്റെ താക്കോൽ തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്. ആഹാരം തരില്ലായിരുന്നു. കുഞ്ഞിനു വേണ്ടിയാണ് എല്ലാം സഹിച്ചത്. അവർക്ക് എന്നെ മനോരോഗിയാക്കണമായിരുന്നു. മടുത്തു, അവരെ വെറുതെ വിടരുത്...''
മകളെ കൊന്നതാണ്
എന്റെ മകൾ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണ്. നിലവിളിച്ചു കൊണ്ട് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. ചെറിയ വഴക്കുകളേ ഉള്ളൂവെന്നാണ് പറഞ്ഞിരുന്നത്. എന്നെ വേദനിപ്പിക്കാതിരിക്കാനാണ് അവൾ എല്ലാം മറച്ചത്. അവർ കരുതിക്കൂട്ടി ചെയ്തതാണ്. എന്റെ മകളുടെ മുടി മുറിച്ചു. മരണത്തിൽ ദുരൂഹതയുണ്ട്- ഷൈലജ പറഞ്ഞു.