പ്ലസ് ടു പുനർമൂല്യനിർണയം: അധിക മാർക്ക് പ്രയോജനപ്പെടാതെ വിദ്യാർത്ഥികൾ

Saturday 12 July 2025 12:14 AM IST

ആലപ്പുഴ: പ്ലസ് ടു പുനർമൂല്യനിർണയത്തിൽ ലഭിച്ച അധികമാർക്കിന്റെ ഗുണം ലഭിക്കാതെ വിദ്യാർത്ഥികൾ. ജൂലായ് ഒന്നിന് പുനർമൂല്യനിർണയ ഫലം വന്നപ്പോഴേക്കും സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു,

ആദ്യം ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനങ്ങളിലടക്കം നിരവധിപേർ വിവിധ കോഴ്സുകൾക്ക് അഡ്മിഷനുമെടുത്തു. സംസ്ഥാനത്ത് 2671 വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിൽ പത്ത് ശതമാനത്തിലധികം മാർക്ക് ലഭിച്ചു. ഇത് രേഖപ്പെടുത്തിയ പുതിയ മാർക്ക് ലിസ്റ്റ് ലഭിക്കണമെങ്കിൽ ആദ്യം ലഭിച്ച മാർക്ക് ലിസ്റ്റ് പ്രിൻസിപ്പൽ മുഖാന്തരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് അയയ്ക്കണം.

എന്നാൽ, വിവിധ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയ കുട്ടികൾ മാർക്ക് ലിസ്റ്റ് പഠനകേന്ദ്രങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ്. മേയ് 22നാണ് പ്ലസ് ടു പരീക്ഷാഫലം വന്നത്. പ്രതീക്ഷയ്ക്കൊത്ത മാർക്ക് ലഭിക്കാത്തതിനാൽ ഇഷ്ടവിഷയങ്ങൾക്ക് ചേരാനായില്ലെന്നും ഇപ്പോൾ പുനർമൂല്യ നിർണ്ണയഫലം വന്നിട്ടും ഗുണമൊന്നുമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഒരു മാർക്കിന് ഫുൾ എ പ്ലസ് നഷ്ടപ്പെട്ടവരും നിരവധിയാണ്.