ഡെന്റൽ സർജൻ റാങ്ക് പട്ടിക: നിയമനം വെറും 16 പേർക്ക്

Saturday 12 July 2025 12:18 AM IST

തിരുവനന്തപുരം: മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് സർക്കാർ തലത്തിൽ ആകെയുള്ള അസിസ്റ്റന്റ് ഡെന്റൽ സർജന്മാരുടെ തസ്‌തിക 135. പ്രതിവർഷം മൂവായിരംപേർ ബി.ഡി.എസ് പഠിച്ചിറങ്ങുന്നു. സർക്കാർ ജോലി ലഭിക്കുന്നതാകട്ടെ ചുരുക്കം പേർക്ക്. ഡെന്റൽ ഡോക്ടർമാരുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ,​ ഇതുവരെ നിയമനം ലഭിച്ചത് 16 പേർക്ക് മാത്രം.

2020 നവംബറിൽ അസി. ഡെന്റൽ സർജൻ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ എഴുതിയത് 9,161പേർ. 2022 ഓഗസ്റ്റ് 29ന് 156 പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് 28ന് അവസാനിക്കും.

തസ്തികയുടെ എണ്ണം വർദ്ധിപ്പിക്കാത്തതാണ് നിലവിലെ പ്രശ്‌നമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. 128 ബ്ലോക്കുതല സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഡെന്റൽ യൂണിറ്റ് ഇല്ലാത്ത 5 താലൂക്ക് ആശുപ്രതികളിലുമായി 133 തസ്തിക സൃഷ്ടിക്കാനുള്ള ഫയൽ ആരോഗ്യ വകുപ്പിൽ വിശ്രമിക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക പരാധീനതയാണ് തസ്‌തിക സൃഷ്ടിക്കുന്നതിനും പുതിയ നിയമനങ്ങൾ നടത്തുന്നതിനും തടസമാകുന്നതെന്നാണ് സൂചന.