കെഎല്‍ രാഹുലിന് ഫിഫ്റ്റി, തിളങ്ങാനാകാതെ ക്യാപ്റ്റന്‍ ഗില്‍; ലോര്‍ഡ്‌സില്‍ ലീഡിനായി ഇന്ത്യ പൊരുതുന്നു
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇംഗ്ലണ്ടിന്റെ സ്‌കോറിനെക്കാള്‍ 242 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ. അര്‍ദ്ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ (53*), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (19*) എന്നിവരാണ് ക്രീസിലുള്ളത്. തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16) റണ്‍സ് നേടി പുറത്തായത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നേരിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
യശസ്വി ജയ്‌സ്‌വാള്‍ (13), കരുണ്‍ നായര്‍ (40), ശുഭ്മാന്‍ ഗില്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടീം സ്‌കോര്‍ 13 റണ്‍സില്‍ എത്തിയപ്പോഴാണ് ജയ്‌സ്‌വാളിന്റെ വിക്കറ്റ് നഷ്ടമായത്. ആര്‍ച്ചറുടെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ കരുണ്‍ നായര്‍ നാല് ബൗണ്ടറികള്‍ സഹിതമാണ് 40 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ ഒന്നാം സ്ലിപ്പില്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ഇംഗ്ലണ്ട് കരുണ്‍ നായരെ പുറത്താക്കിയത്.
പകരമെത്തിയ ക്യാപ്റ്റന്‍ ഗില്ലിനെ ക്രിസ് വോക്‌സ് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. നേരത്തെ രണ്ടാം ദിനം 251ന് നാല് എന്ന സ്‌കോറില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് 387 റണ്‍സിന് ഓള്‍ഔട്ടായി. ജോ റൂട്ട് ടെസ്റ്റ് കരിയറിലെ 37ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ജെയ്മി സ്മിത്ത്, ബ്രൈഡന്‍ കാഴ്‌സ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.