സർവകലാശാലകളിൽ ഭരണസ്തംഭനം: രാഷ്ട്രീയപ്പോരിൽ ഇര കുട്ടികൾ

Saturday 12 July 2025 1:23 AM IST

തിരുവനന്തപുരം: അധികാര വടംവലിയും രാഷ്ട്രീയപ്പോരും സർവകലാശാലകളുടെ പ്രവർത്തനത്തെ തസ്സപ്പെടുത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കി. ഡിഗ്രി, പി.ജി പ്രവേശന സമയമാണ്. ഇതിനെയും ബാധിക്കുന്ന തരത്തിലേക്ക് പോര് വളരുന്നു.

രജിസ്ട്രാറുടെ സസ്‌പെൻഷനെച്ചൊല്ലി 10 ദിവസമായി കേരള സർവകലാശാല സ്തംഭനത്തിലാണ്. കണ്ണൂർ, കാലിക്കറ്റ്, ഡിജിറ്റൽ സർവകലാശാലകളിൽ വൈസ്ചാൻസലറും സിൻഡിക്കേറ്റുമായി പോരിലാണ്.

സാങ്കേതിക സർവകലാശാലയിൽ നൂതന കോഴ്സുകൾക്ക് അഫിലിയേഷൻ വൈകുന്നത് 4500 കുട്ടികളുടെ എൻജിനിയറിംഗ് പഠനാവസരം നഷ്ടപ്പെടുത്തിയേക്കും. 56 സ്വാശ്രയ കോളേജുകളിൽ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഐ) അനുവദിച്ചതാണ് എഴുപതിലേറെ കോഴ്സുകൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻലേണിംഗ്, ഡേറ്റാസയൻസ്, സൈബർസെക്യൂരിറ്റി, ഇന്റഗ്രേറ്റഡ് എം.സി.എ തുടങ്ങി നൂതനകോഴ്സുകൾക്ക് അനുമതി കിട്ടിയിട്ട് ആറു മാസമായി. എല്ലാം ഉയർന്ന ജോലിസാദ്ധ്യതയുള്ളവ. കോഴ്സുകൾക്ക് സാങ്കേതിക സർവകലാശാല എൻ.ഒ.സി നൽകി. എന്നാൽ അഫിലിയേഷൻ നൽകേണ്ട സിൻഡിക്കേറ്റിലാണ് പ്രശ്നങ്ങൾ.

സിൻഡിക്കേറ്റിൽ സർക്കാർ നോമിനേറ്റ്ചെയ്ത ആറുപേരുടെ കാലാവധി കഴിഞ്ഞു. പ്രിൻസിപ്പൽ, അദ്ധ്യാപക ക്വാട്ടയിലെ നാല് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. സർക്കാർ പ്രതിനിധികളടക്കം എക്സ്ഒഫിഷ്യോ അംഗങ്ങളുണ്ടെങ്കിലും ഇവർ സിൻഡിക്കേറ്റിലെത്താറില്ല. ഗവർണർ നിയമിച്ച വി.സി ഡോ. ശിവപ്രസാദിനെതിരെ സർക്കാർ നൽകിയ കേസിൽ, വി.സി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഹൈക്കോടതി വിലക്കി.

കേരളയിൽ പൂർണസ്തംഭനം

1. ഒന്നേകാൽലക്ഷം കുട്ടികളുള്ള കേരള രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നാണ്. പക്ഷേ വി.സി - രജിസ്ട്രാർ രാഷ്ട്രീയപ്പോര് ദൈനംദിന പ്രവർത്തനത്തെ ബാധിച്ചു

2. ഭരണാനുമതി വേണ്ട ഫയലുകളെല്ലാം രജിസ്ട്രാറും വി.സിയും അംഗീകരിക്കേണ്ടതാണ്. ഒറ്റ ഫയലും രണ്ടാഴ്ചയായി നീങ്ങുന്നില്ല. അഡ്‌മിനിസ്ട്രേറ്റീവ്, അക്കാഡമിക് സെക്ഷനുകൾ സ്തംഭിച്ചു

3. സസ്‌പെൻഷനിലായ രജിസ്ട്രാർ അയയ്ക്കുന്ന ഫയലുകൾ വി.സി തിരിച്ചയക്കുന്നു. രജിസ്ട്രാർക്ക് ഫയൽ നൽകരുതെന്ന വി.സിയുടെ ഉത്തരവ് സിൻഡിക്കേറ്റ് തള്ളി

4. ഫിനാൻസ്, പ്ലാനിംഗ് സെക്ഷനുകളിലെ ഫയലുകൾക്കും രജിസ്ട്രാറുടെ അനുമതി വേണ്ടതിനാൽ അവിടെയും സ്തംഭനമാണ്. കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു

5. വിദ്യാർത്ഥികൾക്കുള്ള സേവനങ്ങൾ തടസപ്പെട്ടു. ബിരുദസർട്ടിഫിക്കറ്റ്, മൈഗ്രേഷൻ, ടി.സി അടക്കം വിതരണം മുടങ്ങി. കോഴ്സ് പ്രവേശനസമയം നീട്ടുന്നതിലും തീരുമാനമില്ല

 പെൻഷനുപോലും പണമില്ല

ബഡ്ജറ്റ് പാസാക്കാത്തതിനെത്തുടർന്ന് സാങ്കേതിക സർവകലാശാലയിൽ പെൻഷൻ വിതരണവും

തടസപ്പെട്ടു. 3 മാസത്തേക്ക് പാസാക്കിയ വോട്ട് ഓൺഅക്കൗണ്ടിന്റെ കാലാവധി ജൂണിൽ അവസാനിച്ചു. ബഡ്ജറ്റ് പാസാക്കാൻ സിൻഡിക്കേറ്റ്, ബോർഡ് ഒഫ് ഗവർണേഴ്സ് യോഗം വി.സി പലവട്ടം വിളിച്ചെങ്കിലും ക്വാറം തികയാതെ പിരിഞ്ഞു. സ്വകാര്യകമ്പനിക്ക് പണം നൽകാതെ സോഫ്റ്റ്‌വെയർ സേവനം മുടങ്ങി. ഇത് പരീക്ഷാനടത്തിപ്പ് അവതാളത്തിലാക്കും.