ഒരേ ഭൂമിയ്‌ക്ക് രണ്ട് അവകാശികൾ: മുട്ടത്തറയിൽ ഉടമസ്ഥർ താമസിക്കുന്ന ഭൂമി തട്ടി

Saturday 12 July 2025 1:26 AM IST

തിരുവനന്തപുരം: ഉടമസ്ഥരെ ചതിച്ചും ആൾമാറാട്ടം നടത്തിയും തലസ്ഥാനത്തെ ഭൂമി തട്ടിയെടുക്കുന്ന മാഫിയ സംഘത്തിന്റെ കൂടുതൽ കേസുകൾ പുറത്ത്. മുട്ടത്തറ വില്ലേജിലെ ശ്രീവരാഹം സംഗമം നഗർ ദ്വാരക ഗാർഡൻസിൽ ഉടമസ്ഥർ താമസിക്കുന്ന 12 വീടുകളുടെ പ്ളോട്ടുകൾ ഉൾപ്പെട്ട 60 സെന്റ് സ്ഥലം വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റതാണ് പുതിയ സംഭവം.

സമീപത്തുള്ള മാങ്കീഴ് തറവാടിന്റെ ഭാഗമായുള്ള പൂർവീക സ്വത്തിൽ ചിലർ അതിക്രമിച്ചുകയറുകയും ഇടിച്ചുനിരത്തുകയും ചെയ്ത പഴയ കേസിന്റെ അന്വേഷണത്തിലാണ് ഈ 60 സെന്റ് ഭൂമി മറ്റൊരാൾക്ക് കൈമാറിയതായും കരം അടയ്ക്കുന്നതായും കണ്ടെത്തിയത്. 2315 സർവെ നമ്പരിലുള്ള വസ്തു വ്യാജരേഖകൾ ചമച്ച് രണ്ട് വിലയാധാരങ്ങളുണ്ടാക്കുകയും പോക്കുവരവ് ചെയ്യാതെ കരം അടയ്ക്കാനുള്ള അനുവാദം ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു.

തണ്ടപ്പേര് രേഖയും കാണാതായി

നൂറ്റാണ്ടുകളായി മാങ്കീഴ് തറവാടിന്റെ പേരിലുള്ള ഭൂമി കൈയേറാനുള്ള നീക്കത്തിനെതിരേ അവകാശികൾ രംഗത്തെത്തിയതോടെയാണ് അന്വേഷണം നടന്നത്. 52 സെന്റിൽ 30 സെന്റോളം ഭൂമിയുടെ കരം അടയ്ക്കുന്നതിനായി അവകാശികൾ മുട്ടത്തറ വില്ലേജിൽ എത്തിയെങ്കിലും 2013ൽ അനുവാദം നൽകിയില്ല. തണ്ടപ്പേര് രേഖപ്പെടുത്തിയിരുന്ന ടി-641 പേജ് കാണ്മാനില്ലെന്നായിരുന്നു വില്ലേജ് അധികൃതർ കാരണം പറഞ്ഞിരുന്നത്. ഇത് നീക്കം ചെയ്തതാണെന്ന് വിജിലൻസും പൂന്തുറ പൊലീസും കണ്ടെത്തി. എന്നാൽ, ഭൂമാഫിയ-ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിനെ തുടർന്ന് നടപടിയുണ്ടായില്ല. ഇതാണ് അനധികൃത കൈയേറ്റത്തിനും ഇടിച്ചുനിരത്തലിനും ഇടയാക്കിയത്.

കടകംപള്ളി ഭൂമി തട്ടിപ്പുകേസിലെ ഉദ്യോഗസ്ഥനും വില്ലേജ് ഓഫീസറും മറ്റ് ജീവനക്കാരും ഒത്താശ ചെയ്തിട്ടുണ്ടെന്ന് പൂന്തുറ എസ്.എച്ച്.ഒ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസെടുക്കണമെന്ന് ഹൈക്കോടതി

മാങ്കീഴ് തറവാടിന്റെ പേരിലുള്ള വസ്തുവിലുണ്ടായ കടന്നുകയറ്റത്തിൽ ഹൈക്കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഫോർട്ട് എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി. അനധികൃത കൈയേറ്റത്തിനൊപ്പം ഭൂമാഫിയ നടത്തുന്ന തട്ടിപ്പ് സംഭവത്തെ കുറിച്ചും വ്യാജരേഖയുണ്ടാക്കി ഭൂമി വില്പന നടത്തിയതിനെ കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകണം. കേസ് വീണ്ടും അടുത്തമാസം 5ന് കോടതി പരിഗണിക്കും.