സംസ്ഥാന ഇന്റർപോളി കലോത്സവം, വ്യത്യസ്തം വേദികൾ
അടൂർ : മണക്കാല പോളിടെക്നിക്ക് കോളേജിൽ ആരംഭിച്ച സംസ്ഥാന ഇന്റർപോളി കലോത്സവ വേദികൾക്ക് പേരുകൾകൊണ്ട് വ്യത്യസ്തതയേറെ. അധിനിവേശത്തിനെതിരെയും യുദ്ധങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയുമുള്ള സന്ദേശം ഉൾകൊള്ളുന്നതും പാലസ്തീൻ സംസ്കാരത്തെ സൂചിപ്പിക്കുന്നതുമായ സുമുദ് എന്ന നാമം കലോത്സവത്തിന് നൽകിയത് ചർച്ചകൾക്ക് വഴിയൊരുക്കി. വചത്തി, പഹൽഗാം, മുത്തങ്ങ, പുന്നപ്ര, അമരാവതി എന്നീ പേരുകളിൽ മൊത്തം ആറുവേദികളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കൂട്ടക്കുരുതിയായ വച്ചത്തി സംഭവവും പഹൽഗാം ഭീകരാക്രമണവും ഗാസ യുദ്ധവും മുത്തങ്ങ വെടിവയ്പും ഐക്യകേരളചരിത്രത്തിൽ ശ്രദ്ധേയമായ കർഷക പ്രക്ഷോഭമായ അമരാവതി സമരവും ചർച്ചയാകുന്ന രീതിയിലാണ് സംഘാടക സമിതി വേദികൾക്ക് പേരുകൾ നൽകിയത്.
കൊട്ടിയം ശ്രീനാരായണ കോളേജ് മുന്നിൽ
അടൂർ : 113 പോളിടെക്നിക്ക് കോളേജുകൾ പങ്കെടുക്കുന്ന സംസ്ഥാന ഇന്റർ പോളിടെക്നിക്ക് കലോത്സവത്തിൽ 70 പോയിന്റുമായി കൊട്ടിയം ശ്രീനാരായണ കോളേജ് മുന്നിൽ. 65 പോയിന്റുമായി തൃശൂർ തൃപ്രയാർ ശ്രീരാമ ഗവ.പോളിടെക്നിക്ക് കോളേജാണ് തൊട്ടുപിന്നിൽ. മൂന്നാംദിനമായ ഇന്ന് കോൽക്കളി , സമൂഹഗാനം , മിമിക്രി ,സംഘനൃത്തം , മോഹിനിയാട്ടം , ചെണ്ട-തായമ്പക ,ചെണ്ടമേളം ,ദേശഭക്തിഗാനം ,ശാസ്ത്രീയ സംഗീതം ,ലളിതഗാനം ,വൃന്ദവാദ്യം ,പ്രസംഗം ,പെയിന്റിംഗ് ,ഉപന്യാസ രചന എന്നിവ നടക്കും.
പാട്ടുകേൾക്കാതെ ചുവടുവച്ച് കോഴിക്കോട്ടെ മൊഞ്ചത്തികൾ
അടൂർ : ജന്മന ശ്രവണശേഷിയില്ലാത്ത ഏഴ് വിദ്യാർത്ഥിനികൾ പാട്ടിന്റെ താളത്തിനൊപ്പം ഒപ്പന ചുവടുകൾ വച്ചപ്പോൾ കലോത്സവ വേദിക്ക് അത്ഭുത കാഴ്ചയായി. കോഴിക്കോട് വെസ്റ്റ്ഹിൽ കേരള ഗവ.പോളിടെക്നിക്ക് കോളേജിലെ മൊഞ്ചത്തികളാണ് ആസ്വാദകരുടെ മനസ് കീഴടക്കിയത്. ഒപ്പനപ്പാട്ട് വേദിയിൽ ആലപിക്കുമ്പോൾ ചുണ്ടനക്കം സൂക്ഷ്മമായി നിരീക്ഷിച്ചായിരുന്നു മണവാട്ടിയുടെയും കൂട്ടരുടെയും ചുവടുകൾ. പ്രശസ്ത ഒപ്പന കലാകാരനായ സാദ്ധിക്ക് മാത്തോട്ടമാണ് പരിശീലകൻ. ബി.ഫാത്തിമ നൂർബിയ, പി.പി.ഫർസീന, ശ്രീലക്ഷ്മി, സാന്ദ്ര മോഹൻ, ടി.മേഘ, പി.എ.ഷിഫാന, അനശ്വര എന്നിവരാണ് വേദിയിലെത്തിയത്. പി.മിന, വി.കെ.ഫാത്തിമ ഷിഫാന, പി.പി.ഹിഷാ ഫാത്തിമ എന്നിവർ പാട്ടുപാടി.
പുല്ലാങ്കുഴലിൽ മാനസ് മഹേശ്വർ
അടൂർ : കീർത്തനങ്ങൾ മുതൽ സിനിമപാട്ടുകൾ വരെ പുല്ലാങ്കുഴൽ വാദനത്തിൽ നിറഞ്ഞ സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ ഉപകരണ സംഗീതം - പുല്ലാങ്കുഴൽ വിഭാഗത്തിൽ തൃപ്രയാർ ശ്രീരാമ ഗവ.പോളിടെക്നിക്ക് കോളേജിലെ മാനസ് മഹേശ്വർ ഫസ്റ്റ് എ ഗ്രേഡ് നേടി. നാഗസ്വരാവലി രാഗത്തിൽ രൂപക താളത്തിൽ " ഗരുഡ ഗമന സമയമിതേ എന്ന കീർത്തനം വായിച്ചാണ് മാനസ് ഫസ്റ്റ് എ ഗ്രേഡ് നേടിയത്. 108 മണിക്കൂർ പുല്ലാങ്കുഴൽ വായനയിലൂടെ ഗിന്നസ് റെക്കാഡ് നേടിയ മുരളിനാരായണന്റെ അനന്തരവനാണ് മാനസ്. കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലും മാനസ് പങ്കെടുക്കുന്നുണ്ട്. തൃശൂർ പെരിങ്ങോട്ടുകര കുന്നത്തൂർ ഹൗസിൽ മഹേഷ് - ശ്രീദേവി ദമ്പതികളുടെ മകനാണ്.