കല്ലടയാറിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; മുന്നറിയിപ്പ് ബോർഡുകൾ അപ്രത്യക്ഷമായി
കുളത്തൂപ്പുഴ: ചോഴിയക്കോട് വനത്തിലെ നാങ്കച്ചി, പാണ്ടിമൊട്ട, പൊന്മുടി മലനിരകളിൽ നിന്ന് ഉത്ഭവിച്ച് ആറോളം ചെറുനദികളുമായി ചേർന്ന് ഒഴുകിയെത്തുന്ന കല്ലടയാർ, ജനവാസ മേഖലയായ പൂവാറ്റുമുക്കിൽ വെച്ച് ശംഖിലിയാറുമായി ചേർന്ന് മിൽപ്പാലം വഴി കുളത്തൂപ്പുഴ കടന്ന് തെന്മല ഡാമിലേക്കാണ് എത്തുന്നത്. ഈ നദിയുടെ സൗന്ദര്യം സഞ്ചാരികളെ ആകർഷിക്കുമ്പോഴും, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ആശങ്കയുയർത്തുകയാണ്. മുൻകാലങ്ങളിൽ കല്ലടയാറ്റിൽ നിരവധി ആഴമേറിയ കയങ്ങൾ ഉണ്ടായിരുന്നു. ഇവയിൽപ്പെട്ട് ധാരാളം പേർ മരണപ്പെടുകയും പിന്നീട് ആ കടവുകൾ മരണപ്പെട്ടവരുടെ പേരിൽ അറിയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 1991, 1992 കാലഘട്ടങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം മൂലമുണ്ടായ ഉരുൾപൊട്ടലിൽ ഈ കയങ്ങളിൽ കൂറ്റൻ തടികളും എക്കലും മണലും അടിഞ്ഞുകൂടി അപകട സാദ്ധ്യത ഗണ്യമായി കുറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം ചോഴിയക്കോട് മിൽപ്പാലം കടവിൽ പാലോട് ഭരതന്നൂർ സ്വദേശിയായ ഫൈസൽ (31) എന്ന യുവാവ് മുങ്ങിമരിച്ചിരുന്നു. കുടുംബവുമായി കുളിക്കുന്നതിനിടെ സ്വന്തം മകളും ബന്ധുവും വെള്ളത്തിൽപ്പെട്ടപ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫൈസൽ ഒഴുക്കിൽപ്പെട്ട് കയത്തിലേക്ക് പോയത്. സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുന്നറിയിപ്പ് അവഗണിച്ച് അപകടത്തിലേക്ക്
ചോഴിയക്കോട് മിൽപ്പാലം കടവ്, ഡാലി, കുളത്തൂപ്പുഴ കടവുകൾ, നെടുവണ്ണൂർക്കടവ്, തെന്മല തുടങ്ങിയ പ്രദേശങ്ങളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധി പേരാണ് അവധിദിനങ്ങൾ ആഘോഷിക്കാൻ എത്തുന്നത്. കല്ലടയാറിന്റെ പലയിടത്തും മണൽത്തിട്ടകൾക്കടുത്ത് ആഴമേറിയ കയങ്ങൾ ഉള്ളതായി മുൻകാലങ്ങളിൽ അധികൃതർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയെല്ലാം അവഗണിച്ച് പലരും വെള്ളത്തിലിറങ്ങുന്നത്.
പരിശോധന കർശനം
അവധി ദിനങ്ങളിൽ കല്ലടയാറിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സഞ്ചാരികൾ എത്തുന്നത് കണക്കിലെടുത്ത് കുളത്തൂപ്പുഴ എസ്.എച്ച്.ഒ ബി. അനീഷ്, റേഞ്ച് ഓഫീസർ അരുൺ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, ഫോറസ്റ്റ് അധികൃതർ നിരവധി തവണ പരിശോധന നടത്തിയിട്ടുണ്ട്. ഇത് ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന അപകട മുന്നറിയിപ്പ് ബോർഡുകൾ പലതും തുരുമ്പെടുത്ത് നശിച്ചതായും, ബാക്കിയുള്ളവ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.