മലയാളികള്‍ ഇപ്പോള്‍ പണമൊഴുക്കുന്നത് ഇവിടെ, മുന്നില്‍ കൊച്ചി; സ്ത്രീ പങ്കാളിത്തവും കൂടുതല്‍

Saturday 12 July 2025 12:59 AM IST

മ്യൂച്വല്‍ ഫണ്ട് ആസ്തി ഒരു ലക്ഷം കോടി രൂപയിലേക്ക്

കൊച്ചി: ഓഹരി വിപണിയിലെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ദീര്‍ഘകാല വരുമാനം ഉറപ്പാക്കാന്‍ മലയാളികള്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കുന്നു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് ആസ്തി മേയ് മാസത്തില്‍ 94,829.36 കോടി രൂപ കവിഞ്ഞെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി) വ്യക്തമാക്കി. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും(എസ്.ഐ.പി) കേരളം മുന്നിലാണ്. 23.2 ലക്ഷം എസ്.ഐ.പി ഫോളിയോകളാണ് കേരളത്തിലുള്ളത്. മൊത്തം മ്യൂച്വല്‍ ഫണ്ട് വിപണിയുടെ 45 ശതമാനം എസ്.ഐ.പികള്‍ക്കാണ്. എസ്.ഐ.പി വിഭാഗത്തിലെ മൊത്തം ആസ്തികള്‍ 28,788.69 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. പ്രതിമാസ എസ്.ഐ.പി നിക്ഷേപം മാര്‍ച്ചില്‍ 635 കോടി രൂപയിലെത്തിയെന്ന് ആംഫി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകരാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിത് 13.13 ലക്ഷമായി വര്‍ദ്ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. 25.7 ശതമാനമാണ് ദേശീയ ശരാശരി. ഡിജിറ്റല്‍ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലങ്ങള്‍ തുടങ്ങിയവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കേരളത്തില്‍ പ്രിയം വര്‍ദ്ധിപ്പിക്കുന്നതെന്ന് ആംഫി ചീഫ് എക്‌സിക്യുട്ടീവ് വി.എന്‍ ചാലസാനി പറഞ്ഞു.

കൊച്ചി മുന്നില്‍

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ 16,229.30 കോടി രൂപയുമായി കൊച്ചിയാണ് കേരളത്തില്‍ മുന്‍നിരയില്‍. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം തൃശൂരാണ്. നിക്ഷേപം 1,550 കോടി രൂപ.

ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തി: 74 ലക്ഷം കോടി രൂപ നിക്ഷേപകരുടെ എണ്ണം : 5.52 കോടി എസ്.ഐ.പി പ്രതിമാസ നിക്ഷേപം: 27,269 കോടി

കേരളത്തിലെ നിക്ഷേപകരില്‍ 28.5 ശതമാനം വനിതകള്‍

ഓരോ നിക്ഷേപകനേയും സംരക്ഷിച്ച് ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ പങ്കെടുപ്പിച്ച് മികച്ച വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യം- വെങ്കട് ചലാസന, ചീഫ് എക്സിക്യുട്ടീവ് ആംഫി