മനോജ് കൊലക്കേസ് പ്രതിക്ക് ജാമ്യം
Saturday 12 July 2025 12:10 AM IST
കൊല്ലം: വിളക്കുവട്ടം സ്വദേശിയായ മനോജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നടയിൽ താഴതിൽ വീട്ടിൽ ബിനുവിന് കൊല്ലം പ്രിൻസിപ്പൽ സെഷൻ ജഡ്ജ് എൻ.വി.രാജു ജാമ്യം അനുവദിച്ചു. കഴിഞ്ഞ മേയ് 10ന് മരിച്ച മനോജ് പ്രതിയുടെ വീട്ടിൽ രാത്രി 9.30ഓടെ കൂടി അതിക്രമിച്ചുകടക്കുകയും ബിനുവിന്റെ ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചതിനെ തുടർന്ന് പ്രതി മനോജിനെ വടി കൊണ്ടടിച്ചും തുടർന്ന് കോൺക്രീറ്റ് റോഡിൽ തള്ളിയിട്ടും മറ്റും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പുനലൂർ ഗവ. ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മനോജ് 16ന് മരിച്ചു. പുനലൂർ പൊലീസ് ബിനുവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത് റിമാൻഡ് ചെയ്തു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജോളി അലക്സ്, എൻ.അബ്ദുൽ ഖാസിം, സവിൻ സത്യൻ, അലൻ.എസ്.നാഥ് എന്നിവർ ഹാജരായി.