കൊട്ടാരക്കരയിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
കൊട്ടാരക്കര: കൊട്ടാരക്കരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ബംഗളൂരു സ്വദേശിയുൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. പുനലൂർ ആര്യാഭവനിൽ കുശല കുമാരി (53), കൊട്ടാരക്കര അഖിൽ നിവാസിൽ ഗോപിനാഥ് (70), സദാനന്ദപുരം അജിൻ ഭവനിൽ സാംകുഞ്ഞ് (61), കൊട്ടാരക്കര വിജയഭവനിൽ ശകുന്തള (59), പുലമൺ ദീപത്തിൽ സുരേഷ് കുമാർ (66), ഗണപതി ക്ഷേത്രദർശനത്തിന് എത്തിയ ബംഗളൂരു സ്വദേശി ഗംഗാധരൻ(68), കാെട്ടാരക്കര തോട്ടുംകര വീട്ടിൽ രമണി (50), തൃക്കണ്ണമംഗൽ മുളവന കിഴക്കേതിൽ ജോസഫ് ജോൺ (60) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പുലമണിൽ കട നടത്തുന്ന ഗോപിനാഥന്റെ കടയിലേക്ക് ചാടിക്കയറിയ നായ മൂക്കിലാണ് കടിച്ചത്. റിട്ട. പ്രൊഫസറായ സുരേഷ് കുമാർ ചന്തമുക്കിൽ പച്ചക്കറി വാങ്ങാനെത്തിയപ്പോഴാണ് നായ പിന്നിലൂടെ വന്ന് കടിച്ചത്. കുശലകുമാരിയെ ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് നായ ആക്രമിച്ചത്. ഗണപതി ക്ഷേത്ര ദർശനത്തിന് എത്തിയതാണ് ബംഗളൂരു സ്വദേശിയായ ഗംഗാധരൻ. മറ്റ് നാലുപേരോടൊപ്പമാണ് ഇദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഒരേ നായയാണ് എല്ലാവരെയും കടിച്ചത്. രണ്ട് കിലോ മീറ്ററിനുള്ളിൽ ഓടിനടന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കൊട്ടാരക്കരയിൽ ഇരുപതിലധികം ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റു.