സ്പിക്മാകെ ശില്പശാലകൾക്ക് സമാപനം
Saturday 12 July 2025 12:11 AM IST
കൊല്ലം: പാരമ്പര്യ കലകളുടെ ശക്തിയും ഊർജവും വിളിച്ചോതി കൊല്ലം ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിൽ സ്പിക്മാകെയുടെ (സൊസൈറ്റി ഫോർ പ്രൊമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത്) ആഭിമുഖ്യത്തിൽ അരങ്ങേറിയ ശില്പശാലകളും കലാവതരണങ്ങളും സമാപിച്ചു. സംഗീത ദസ്തിധർ കഥക്കും ശ്രീവിദ്യ അങ്കാര കുച്ചിപ്പുടിയുമാണ് ഇരുപതോളം വിദ്യാലയങ്ങളിൽ അവതരിപ്പിച്ചത്. ഇവയ്ക്കു പുറമെ കൊല്ലം ജുവനൈൽ ഹോമിലും ഇഞ്ചവിള ആഫ്റ്റർ കെയർ ഹോമിലും ശില്പശാലകൾ നടന്നു. ഭാരതീയ പൈതൃകത്തെ കലയിലൂടെ അറിയുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് സ്പിക്മാകെ. ശില്പശാലകൾക്ക് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ജി.ആർ. ഷാജി, ഉണ്ണി കോട്ടയ്ക്കൽ, രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.