ഗഗൻയാൻ: പ്രൊപ്പൽഷൻ പരീക്ഷണം വിജയം, പേടകത്തെ പറത്താനുള്ള സംവിധാനം

Saturday 12 July 2025 12:56 AM IST

തിരുവനന്തപുരം: ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്ത് കൊണ്ടുപോകാനുള്ള ഗഗൻയാൻ പദ്ധതിയിൽ ഒരു ചുവടുവയ്പുകൂടി വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. ഗഗൻയാൻ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പരീക്ഷണം വിജയം. ഇൗ മാസം ആദ്യം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലായിരുന്നു പരീക്ഷണം.

പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ബഹിരാകാശത്ത് സ്വതന്ത്രമായി നീങ്ങുമ്പോൾ അതിനെ മുന്നോട്ടും വശങ്ങളിലേക്കും പറത്തി കൊണ്ടുപോകാനാണ് പ്രൊപ്പൽഷൻ സംവിധാനം. ഇതിനായി ഇന്ധനം നിറച്ച ത്രസ്റ്ററുകൾ ഉണ്ടാകും. ഗഗൻയാൻ പേടകത്തിലെ സർവീസ് മൊഡ്യൂളിലാണ് ഇത് ഘടിപ്പിക്കുക.

ഗഗൻയാൻ പരീക്ഷണ വിക്ഷേപണവും ആളില്ലാത്ത ക്രൂ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള വിക്ഷേപണവും ഇക്കൊല്ലം നടക്കും. അതിനുശേഷമാകും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര.

ഇന്ത്യ വികസിപ്പിച്ചത്

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രൊപ്പൽഷൻ സംവിധാനമാണ് ഗഗൻയാനിൽ ഉപയോഗിക്കുന്നത്

30,​ 100 സെക്കൻഡുകൾ വീതം ഇന്ധനം ജ്വലിപ്പിച്ചായിരുന്നു പരീക്ഷണം. പേടകത്തെ മുന്നോട്ടും വശങ്ങളിലേക്കും തള്ളുന്നതിനുള്ള ത്രസ്റ്ററുകളും പരീക്ഷിച്ചു

ഇനി മുഴുവൻ സമയ പരീക്ഷണം കൂടി ഉണ്ടാകും. അതിനുശേഷം ഗഗൻയാൻ പേടകത്തിന്റെ ആളില്ലാത്ത പരീക്ഷണത്തിൽ ഇത് ഉപയോഗിക്കും