ഇനീഷ്യൽ ചേർത്ത 'ജാനകി' സെൻസർ ബോർഡിൽ
കൊച്ചി: 'ജാനകി V/s സ്റ്റേറ്റ് ഒഫ് കേരള' സിനിമയുടെ പരിഷ്കരിച്ച പതിപ്പ് നിർമ്മാതാക്കൾ സെൻസർ ബോർഡിന് സമർപ്പിച്ചു. 'ജാനകി. വി' എന്ന പേരുമാറ്റത്തോടെയാണിത്. ഇടവേളയ്‌ക്കു മുമ്പുള്ള ചില കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തി. വിചാരണ രംഗങ്ങളിലെ എട്ട് ഇടങ്ങളിൽ ജാനകി എന്ന പേര് നിശബ്ദമാക്കിയിട്ടുണ്ട്.
ജാനകി എന്ന പേര് മാറ്റേണ്ടതില്ലെന്നും പേരിനൊപ്പം ഇനീഷ്യൽ ചേർത്ത് ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ മുഴുവൻ പേര് ജാനകി വിദ്യാധരൻ എന്നായതിനാൽ ജാനകി. വി എന്ന് ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. സെൻസർ ബോർഡ് ഉടൻ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുമെന്നാണ് സൂചന. ചിത്രം എഡിറ്റ് ചെയ്ത് സമർപ്പിച്ചാൽ മൂന്നു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാമെന്ന് ബോർഡ് കോടതിയിൽ ഉറപ്പുനൽകിയിരുന്നു.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ വക്കീൽ വേഷത്തിൽ സുരേഷ് ഗോപിയാണ് നായകൻ. ജൂൺ 27നാണ് ആദ്യം റിലീസിംഗ് നിശ്ചയിച്ചിരുന്നത്. ജാനകി 'സീത'യെ സൂചിപ്പിക്കുമെന്ന് വിലയിരുത്തിയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. തുടർന്ന് നിർമ്മാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.