വെളിച്ചെണ്ണ 200 രൂപയ്ക്ക് വാങ്ങാം,​ വിലയിലെ കുതിപ്പ് ഇനി അടുക്കളയെ ബാധിക്കില്ല,​ പരീക്ഷണം ഹിറ്റ്

Saturday 12 July 2025 1:16 AM IST

കൊടുങ്ങല്ലൂർ: വെളിച്ചെണ്ണ വില റോക്കറ്റേറിയതോടെ അടുക്കള മോഹങ്ങൾക്ക് സഹായകമായി 200 ഗ്രാം വെളിച്ചെണ്ണ കുപ്പികൾ വിപണിയിൽ. പൊള്ളുംവിലയിൽ വിൽപ്പന കുറഞ്ഞതും സാധാരണക്കാരന് താങ്ങാനാകാതെ വന്നതുമാണ് മിക്ക വെളിച്ചെണ്ണ നിർമ്മാണ കമ്പനികളും 200 ഗ്രാം കുപ്പികളിൽ വിപണനം തുടങ്ങാൻ കാരണം.

വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ പകുതിയാക്കി ചെലവ് ചുരുക്കിയിട്ടുണ്ട്. 200 ഗ്രാം വെളിച്ചെണ്ണയ്ക്ക് നൂറു രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെളിച്ചെണ്ണ വിലയുടെ വർദ്ധന 60 രൂപയ്ക്കും മുകളിലാണ്. സാധാരണക്കാർ കൂടുതലും ഇപ്പോൾ 200 ഗ്രാം വെളിച്ചെണ്ണയാണ് വാങ്ങുന്നത്. പണച്ചെലവ് കുറവായതിനാൽ പാമോയിൽ, സൺ ഫ്‌ളവർ ഓയിൽ എന്നിവയും വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. പാമോയിലിന് ലിറ്ററിന് 123 രൂപയും സൺ ഫ്‌ളവർ ഓയിലിന് 160 രൂപയുമാണ് വില. വെളിച്ചെണ്ണ ഉപയോക്താക്കൾ ഭൂരിഭാഗവും മറ്റ് എണ്ണകൾ ഉപയോഗിക്കുന്നതും വിപണിയിൽ വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയാണ്.

മില്ലുകൾ അടച്ചുപൂട്ടലിൽ

കൊപ്രക്ഷാമവും വിലവർദ്ധനവും മൂലം ചെറുകിട മില്ലുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. ഹോട്ടലുകളും ബേക്കറികളും ഗാർഹിക ഉപഭോകതാക്കളും എല്ലാം വില കൂടിയതോടെ പാമോയിലിലേക്ക് കളംമാറ്റി. സഹകരണ മേഖലയിൽ വെളിച്ചെണ്ണയ്ക്ക് നേരത്തെ നല്ല ഡിമാൻഡായിരുന്നു. എന്നാൽ ഇപ്പോൾ വിൽപ്പന പകുതിയായി കുറഞ്ഞിട്ടുണ്ട്. സഹകരണ മില്ലുകൾ അടക്കം വെളിച്ചെണ്ണ ഉത്പാദനം പകുതിയായി കുറച്ചു. അതേസമയം, ഒരു കിലോ തേങ്ങയുടെ വില 90 രൂപയായി.