ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം ഇന്ന്

Saturday 12 July 2025 1:16 AM IST

ശിവഗിരി : ശ്രീനാരായണ ദിവ്യസത്സംഗത്തിനും ധ്യാനത്തിനും ഇന്ന് ശിവഗിരിയിൽ തുടക്കമാകും. രാവിലെ 10ന് ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദയുടെ നേതൃത്വത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.ഗുരുദേവ ദർശനത്തെ ആസ്പദമാക്കി സ്വാമി പ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രബോധനവും ഗുരുദേവ കൃതികളുടെ പഠന ക്ലാസും ഉണ്ടാകും. ജപം , ധ്യാനം, സമൂഹ പ്രാർത്ഥന, ശാന്തി ഹവനയജ്ഞം , മംഗളാരതി എന്നിവയും നടക്കും.

തുടർന്ന് ഡോ. സന്തോഷ്‌കുമാർ പഠന ക്ലാസ് നയിക്കും. ഉച്ചയ്ക്ക് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് മഹാസമാധി പീഠത്തിലേക്ക് നാമസങ്കീർത്തന യാത്രയും തുടർന്ന് ഗുരുപൂജയും നടത്തും. രാത്രി 7ന് ഗുരുദേവന്റെ ഈശ്വരീയ ഭാവത്തെ കുറിച്ച് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ക്ലാസ് നയിക്കും. ദിവ്യസത്സംഗം ഞായറാഴ്ച സമാപിക്കും