ഓസ്‌ട്രേലിയൻ പര്യടനം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ വയനാടൻ തിളക്കം
വയനാടിന് അഭിമാന മുഹൂർത്തം
കൽപ്പറ്റ: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമിൽ വയനാടൻ തിളക്കം. വൈസ് ക്യാപ്‌ടൻ മിന്നുമണി , ഓൾറൗണ്ടർ സജനാ സജീവൻ,പേസർ വി.ജെ ജോഷിത എന്നിവരാണ് ടീമിലുള്ളത്. ആഗസ്റ്റ് ഏഴ് മുതൽ 24 വരെയാണ് മത്സരങ്ങൾ നടക്കുക. ഒരേസമയം രാജ്യത്തിനുവേണ്ടി വയനാട്ടിൽ നിന്നും 3 താരങ്ങൾ മത്സരിക്കുക എന്നത് സ്വപ്നതുല്യമായനേട്ടമാണെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാമ്പിലൂടെയാണ് മിന്നുവും സജനയും ജോഷിതയും ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിരയിലേക്ക് ഉദിച്ചുയർന്നത്. വയനാട് ക്രിക്കറ്റ് അസോസിയേഷനും കൃഷ്ണഗിരി സ്റ്റേഡിയവും നൽകിയ പിന്തുണ ഇവരുടെ കുതിപ്പിൽ ചാലകശക്തിയായി. മിന്നുവും സജനയും മാനന്തവാടി സ്വദേശികളാണ്.ജോഷിത കൽപ്പറ്റ സ്വദേശിനിയാണ്. കൃഷ്ണഗിരിയിൽ ജില്ലാ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമായതോടെ വയനാടിന്റെ ക്രിക്കറ്റിലെ തലവര മാറി തുടങ്ങിയിരുന്നു. രാജ്യാന്തര ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതായിരുന്നു തുടക്കത്തിലെ ലക്ഷ്യം. എന്നാൽ അതിനേക്കാൾവേഗതയിൽ വയനാട്ടിൽ നിന്ന് ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കുക എന്ന സ്വപ്നത്തിലേക്ക് എത്തിപ്പിടിക്കാൻ ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞു. മിന്നുവിന്റെയും സജനയുടെയും ജോഷിതയുടേയും പിൻഗാമികളായി കൃഷ്ണഗിരിയിലെ ക്യാമ്പിൽ നിന്ന് ഇവരെക്കൂടാതെ നിരവധി താരങ്ങൾ പ്രതിഭ തെളിയിച്ച് ഉയർന്നുവരുന്നുണ്ട്.