ഒരു വർഷം 145 പേർ മരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 33 പേർ
കോഴിക്കോട്: പാമ്പുകടി മരണം പൂജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ ബോധവത്കരണം ഊർജ്ജിതമാക്കാൻ വനംവകുപ്പ്. നിലവിൽ ചെയ്തുവരുന്ന ബോധവത്കരണത്തിന് പുറമെ 'പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം" പദ്ധതിയുടെ ഭാഗമായി 'മിഷൻ സർപ്പ" തീവ്ര ബോധവത്കരണ പരിപാടിയും തുടങ്ങി. പ്രവേശനോത്സവ സമയത്ത് സ്കൂളുകളിൽ ഉരഗപരിശോധന നടത്തിയിരുന്നു. സർപ്പആപ്പിന് കീഴിൽ 2,700 വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനകളുടെയും പ്രത്യേക പരിശീലനം നേടിയവരെയും നിയോഗിച്ചിട്ടുണ്ട്. വിവിധയിനം പാമ്പുകൾ,വിഷമുള്ളവ,ഇല്ലാത്തവ,പാമ്പുകടിയേറ്റാൽ ചെയ്യേണ്ടത്,പ്രതിരോധം,തെറ്റായ ചികിത്സാരീതി എന്നിവയെപ്പറ്റിയാണ് ബോധവത്കരണം.ആപ്പ്‌വഴി നാല് വർഷത്തിലധികമായി ബോധവത്കരണം നടത്തുന്നത് കുറേക്കൂടി കാര്യക്ഷമമാക്കും.
ബോധവത്കരണം നടത്താൻ സ്കൂളുകൾക്ക് അതത് ജില്ലകളിലെ സാമൂഹ്യ വനവത്കരണ വിഭാഗവുമായോ വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പറിലോ (1800 425 4733) ബന്ധപ്പെടാം.
- പാമ്പുകടി, മരണം കുറഞ്ഞു
അഞ്ച് വർഷം മുമ്പ് വർഷത്തിൽ 145 ഓളം പേർ മരിച്ചിരുന്നത് കഴിഞ്ഞ വർഷം 33 ആയി. പ്രതിരോധം, ചികിത്സ എന്നിവ കാര്യക്ഷമമാക്കി. പരിശീലനം ലഭിക്കാത്തവർ പാമ്പിനെ പിടികൂടുന്നത് നിയന്ത്രിച്ചു. ഇതോടെ മരണം 73 ശതമാനമാക്കി കുറച്ചു. പാമ്പുകടിയേറ്റാൽ എന്തുചെയ്യണം, ചെയ്യരുത് എന്നിവയുടെ അറിവില്ലായ്മയാണ് മരണത്തിനിടയാക്കുന്നത്.
ബോധവത്കരണം നടത്താൻ താത്പര്യമുള്ള സ്കൂളുകൾക്ക് സർപ്പ ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാൻ താമസിയാതെ സൗകര്യമൊരുക്കും.
-മുഹമ്മദ് അൻവർ
അസി. കൺസർവേറ്റർ, വനംവകുപ്പ്