കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; എൽസിയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ, പ്രാർത്ഥനയോടെ നാട്
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും അതീവ ഗുരുതരാവസ്ഥയിൽ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പരിക്കേറ്റ ആറ് വയസുകാരന്‍ ആല്‍ഫ്രഡ്, മൂന്ന് വയസുകാരി എമിലീന എന്നിവരെയും കുട്ടികളുടെ അമ്മ എല്‍സിയെയും കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബേണ്‍ ഐസിയുവില്‍ വിദഗ്ദ്ധ ചികിത്സയിലാണ് മൂന്നുപേരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എല്‍സി മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എൽസിക്കും മക്കൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിലാണ് നാട്ടുകാരും കുടുംബവും.