'സർക്കാരിന് വാശി പാടില്ല,​ പറയുന്നത് വലിയൊരു സമൂഹത്തിന്റെ ആവശ്യം',​ സ്‌കൂൾ സമയമാറ്റത്തിൽ വീണ്ടും എതിർപ്പുമായി സമസ്‌ത

Saturday 12 July 2025 11:23 AM IST

മലപ്പുറം: സ്‌കൂൾ സമയമാറ്റം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമസ്‌‌ത വീണ്ടും എതിർപ്പുന്നയിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തുവന്നത്. സർക്കാരിന് വാശി പാടില്ല. സമയമാറ്റം അംഗീകരിക്കില്ല. സമയം കണ്ടെത്തുന്നത് എല്ലാവർക്കും ആകാമെന്നും ഒരു ദിവസത്തിൽ 24 മണിക്കൂറല്ലേ ഉള്ളൂവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ചോദിച്ചു.

മറുപടി പറയുമ്പോൾ മാന്യമായി പറയണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ സർക്കാരിനെ ഓർമ്മിപ്പിച്ചു. ആർക്കും സമരം ചെയ്യാം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇത് വലിയൊരു സമൂഹത്തിന്റെ ആവശ്യമല്ലേയെന്നും ചർച്ചയ്‌ക്ക് വിളിക്കാമല്ലോ എന്നും തങ്ങൾ ചോദിച്ചു. സമുദായത്തിന്റെ കാര്യം നോക്കാനല്ലേ മന്ത്രിസഭ?​ സമുദായങ്ങളല്ലേ വോട്ട് ചെയ്‌തതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സ്‌കൂൾസമയമാറ്റ വിഷയത്തിൽ താൻ പറഞ്ഞത് കോടതി നിലപാടാണെന്നും ധിക്കാരപരമായ സമീപനം ഇല്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്ന്‌ പ്രതികരിച്ചു. സർക്കാരിന് പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റ വിഷയത്തിൽ സമസ്‌ത പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. സ്‌കൂൾ സമയമാറ്റമൊന്നും ആലോചനയിൽ ഇല്ല എന്ന് കഴിഞ്ഞ‌ദിവസം വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി പ്രത്യേക സമുദായത്തിന്റെ പേരുപറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ന്യായമല്ലെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ന് സമസ്‌ത പുതിയ പ്രതികരണം നടത്തിയത്.