ട്രെയിനുകളിൽ ലോക്കോ പൈലറ്റുമാർക്കായി ടോയ്‌ലറ്റുകളില്ല, അത്യാവശ്യം  വന്നാൽ   ഇവർ   എന്തുചെയ്യുമെന്ന്  അറിയാമോ?

Saturday 12 July 2025 11:44 AM IST

ദീർഘദൂര യാത്രകൾ നടത്താൻ കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത് ട്രെയിനുകളായിരിക്കും. എന്നിരുന്നാൽപ്പോലും കഴിവതും ചിലർ ട്രെയിനുകളിലെ ടോയ്‌ലെ​റ്റുകൾ ഉപയോഗിക്കാതിരിക്കാൻ പരാമവധി ശ്രമിക്കാറുണ്ട്. ആദ്യകാലങ്ങളിൽ ട്രെയിനുകളിലെ ടോയ്ല​റ്റുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ആ അവസ്ഥയിൽ നിന്ന് ഒരുപരിധി വരെ മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴും മിക്കവരും ഒരു അവസാന ആശ്രയമായിട്ട് മാത്രമേ ട്രെയിനുകളിലെ ടോയ്‌ലെ​റ്റുകൾ ഉപയോഗിക്കാറുളളൂ.

ഇന്ത്യയിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളിൽ ടോയ്‌ലെ​റ്റുകൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ട്രെയിനുകളിൽ ലോക്കോ പൈല​റ്റുമാർ ഇരിക്കുന്ന ഭാഗത്ത് ടോയ്‌ലെ​റ്റ് ഉണ്ടോയെന്ന് നിങ്ങൾക്ക് അറിയാമോ? സാധാരണയായി എഞ്ചിൻ റൂമുകളിൽ ടോയ്‌ലെറ്റ് ഉണ്ടാകുകയില്ല. ലോക്കോ പൈല​റ്റുമാർക്ക് ടോയ്‌ലെ​റ്റ് ഉപയോഗിക്കേണ്ട അവസ്ഥ വന്നാൽ എന്തുചെയ്യുമെന്ന് അറിയാമോ?

ലോക്കോ പൈല​റ്റുമാർ എപ്പോഴും അതത് സ്‌​റ്റേഷനുകളിൽ റിഫ്രഷ് ചെയ്തതിനുശേഷമാണ് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് അവർ പാലിക്കേണ്ട നിബന്ധനയാണ്. ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ടോയ്‌ലെ​റ്റ് ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഈ പതിവ് റെയിൽവേ പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ലോക്കോ പൈല​റ്റുമാർക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ അവർ കൺട്രോൾ റൂമിൽ അറിയിക്കും. തുടർന്ന് അടുത്ത സ്‌​റ്റേഷനിൽ ട്രെയിനിനായി പ്രത്യേക സ്​റ്റോപ്പ് അനുവദിക്കാനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ അപൂർവമാണ്. എന്നാൽ രാജധാനി, ഗരീബ് രഥ് അല്ലെങ്കിൽ തുരന്തോ പോലുളള ദീർഘദൂരം സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പ്രത്യേക ക്രമീകരണങ്ങൾ നടത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ലോക്കോ പൈല​റ്റുമാർ കൺട്രോൾ റൂമിൽ നിന്ന് അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം.