സ്വകാര്യ ബാങ്കിന്റെ പേരിൽ വ്യാജആപ്പ് 'ഒറ്റക്ലിക്കിൽ' ഇൻസ്റ്റാളായി; തട്ടിയത് നാല് ലക്ഷം രൂപ
കൊച്ചി: പൊതു, സ്വകാര്യ ബാങ്ക് ആപ്പുകളുടെ വ്യാജൻ നിർമ്മിച്ചും പണംതട്ടൽ. അങ്കമാലി കാംകോയിലെ ജീവനക്കാരനും നെടുമ്പാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശിയുമായ പി.പി ജലീലിന് ഒറ്റയടിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ. ഭാര്യയുടെ പ്രസവത്തിനും വീടുപണിക്കുമായി പി.എഫിൽ നിന്ന് ലോൺ എടുത്ത പണമാണ് നഷ്ടപ്പെട്ടത്. ആലുവ റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌ക്രീൻ ഷെയറിംഗ് കൈക്കലാക്കുന്ന എ.പി.കെ ഫയൽ മെസേജായി കൈമാറിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
ജലീലിന്റെ അക്കൗണ്ടിൽ ഏഴ് ലക്ഷത്തോളം രൂപയാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസംമുമ്പ് വീടുപണിക്കായി കുറച്ചുതുക പിൻവലിച്ചു. സഹോദരി കൈമാറിയ ഒരു ലക്ഷമടക്കം നാല് ലക്ഷം രൂപയാണ് ശേഷിച്ചിരുന്നത്. വെള്ളിയാഴ്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി തനിയെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ബാങ്കിന്റെ വ്യാജ ആപ്പ് ജലീൽ ഉപയോഗിച്ചു. പിന്നാലെ 1.90 രൂപയും ശേഷം 2.10 ലക്ഷവും ഉപയോഗിച്ച് ഏതോ വസ്തുവാങ്ങിയെന്ന സന്ദേശമാണ് ലഭിച്ചത്. അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. തുടർന്ന് ആലുവ സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു.
''വീടുപണി പാതിപോലും എത്തിയിട്ടില്ല. ഭാര്യയുടെ പ്രസവത്തിനും പണം ആവശ്യമാണ്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമോയെന്ന് അറിയില്ല'' ജലീൽ സങ്കടത്തോടെ പറഞ്ഞു.
തനിയെ ഇൻസ്റ്റാൾ
ചെയ്യപ്പെടുന്ന ആപ്പുകൾ
ബാങ്ക്-വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ എത്തുന്ന മെസേജുകളിലെ ലിങ്കുകളാണ് വില്ലനെന്ന് പൊലീസ് പറയുന്നു. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ആഡ്രോയ്ഡ് പാക്കേജ് കിറ്റ് (എ.പി.കെ) തനിയെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇത് യഥാർത്ഥ ആപ്പുകളുടെ വ്യാജനായിരിക്കും.
ഈ ആപ്പ് ഓപ്പൺ ചെയ്യുന്നതോടെ ഫോണിന്റെ സ്‌ക്രീൻ തട്ടിപ്പുകാർക്ക് കാണാവുന്ന രീതിയിലേക്ക് മാറും. ഇതോടെ ഫോൺ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും.
ഒ.ടി.പി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാൽ പണം നഷ്ടപ്പെട്ടുവെന്ന് ഉടൻ തിരിച്ചറിയാൻ സാധിക്കില്ല. ഒ.ടി.പി വന്നത് ജലീൽ അറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.