മതിൽചാടി നീന്തൽകുളത്തിലറങ്ങി രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
നെടുമങ്ങാട് : അധികൃതരുടെ കണ്ണുവെട്ടിച്ച് നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ ഏഴംഗ വിദ്യാർത്ഥി സംഘത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു. കുശർകോട് ഇരിപ്പിൽ ഷിനിൽ ഭവനിൽ സുനീന്ദ്രൻ - ഷീജ ദമ്പതികളുടെ മകൻ ഷിനിൽ (13), കുശർകോട് വടക്കുംകര വീട്ടിൽ ബിജു – രാജി ദമ്പതികളുടെ ഏക മകൻ ആരോമൽ (15) എന്നിവരാണ് മരിച്ചത്. വേങ്കവിള റോയൽ നീന്തൽ ക്ലബിന്റെ നിയന്ത്രണത്തിലുള്ള സ്വിമ്മിംഗ് പൂളിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണമായ സംഭവം.
കുളിക്കുന്നതിനിടെ ആരോമലും ഷിനിലും കൂട്ടം തെറ്റി ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴ്ന്നു. ഇരുവരെയും കാണാതായപ്പോൾ മറ്റു കുട്ടികൾ പരിസരത്തെ വീടുകളിൽ അറിയിച്ചു. ലൈഫ് ഗാർഡ് സന്തോഷും കോച്ച് കുഞ്ഞുണ്ണിയും കുളത്തിലിറങ്ങി രണ്ടുപേരെയും ഉടനെ കരയ്ക്കെടുത്ത് കൃതിമ ശ്വാസം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫയർഫോഴ്സും പൊലീസും എത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ആരോമൽ മഞ്ച ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ പത്താം ക്ളാസിലും ഷിനിൽ എട്ടാം ക്ലാസിലുമാണ്. രാവിലെയും വൈകിട്ടുമാണ് കുളത്തിൽ നീന്തൽ പരിശീലനമുള്ളത്.മറ്റു സമയങ്ങളിൽ ഗേറ്റ് പൂട്ടിയിടുകയാണ് പതിവ്. ചുറ്റുമതിൽ ചാടിക്കടന്ന് കുട്ടികൾ കുളിക്കുന്നതും ആരോമലും ഷിനിലും മുങ്ങിത്താഴുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ശില്പയാണ് ഷിനിലിന്റെ സഹോദരി. ആരോമലിന്റെ അമ്മ രാജി നെടുമങ്ങാട് നഗരസഭ ഹരിതകർമ സേനാംഗമാണ്. നെടുമങ്ങാട് പൊലീസ് കേസെടുത്തു.പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്കാരം നടക്കും.