ചാർജിംഗ് സ്റ്റേഷനിൽ കാർ ഇടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം

Sunday 13 July 2025 12:00 AM IST

ഈരാറ്റുപേട്ട : ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മടിയിലിരുന്ന കുഞ്ഞിന്റെയും ഇടയിലേക്ക് കാർ ഇടിച്ചു കയറി നാലുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം ശാസ്താലൈൻ ശാന്തിവിള നാഗാമൽ ശബരിനാഥിന്റെ മകൻ അയാൻശാന്ത് .എസ് (4) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മയും പാലാ പോളിടെക്‌നികിലെ അദ്ധ്യാപികയുമായ ആര്യ മോഹനെ (30) പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വഴിക്കടവിലുള്ള ചാർജിംഗ് സ്റ്റേഷനിലായിരുന്നു അപകടം. ഇവരുടെ കാർ ചാർജ് ചെയ്യാനിട്ടിരിക്കുകയായിരുന്നു. ഈ സമയം മറ്റൊരു പോയിന്റിൽ ചാർജ് ചെയ്യാനെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ച് മുന്നോട്ട് നീങ്ങി. ഇരിപ്പിടത്തിന് പിന്നിലുള്ള കമ്പിയിൽ ഞെരുങ്ങിയമർന്ന ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അയാന്റെ ജീവൻ രക്ഷിക്കാനായില്ല.