രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യ

Sunday 13 July 2025 12:28 AM IST

ചൈ​ന​യു​ടെ​ ​ക​യ​റ്റു​മ​തി​ ​നി​രോ​ധ​നത്തിൽ​ ​ആ​ശ​ങ്ക​

കൊച്ചി: ഖാരിഫ് സീസണിലെ രാസവളങ്ങളുടെ ക്ഷാമവും വിലവർദ്ധനയും നേരിടാൻ ഇന്ത്യൻ കമ്പനികൾ ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടുന്നു. യൂറോപ്പ്, റഷ്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിൽ നിന്ന് രാസവളങ്ങൾ ഇറക്കുമതി നടത്താനാണ് പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികൾ ആലോചിക്കുന്നത്. ഇന്ത്യൻ കാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ, ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി) തുടങ്ങിയ രാസവളങ്ങളുടെ കയറ്റുമതിക്ക് ചൈന അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് വെല്ലുവിളി ഉയർത്തുന്നത്. രാസവളങ്ങളുടെ മറ്റൊരു പ്രധാന കയറ്റുമതിക്കാരായ ഇസ്രയേലിലെ യുദ്ധ സാഹചര്യങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ ഡി.എ.പി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡൈ അമോണിയം പോസ്‌ഫേറ്റ് അഥവാ ഡി.എ.പി പ്രധാനമായും ചൈനയിൽ നിന്നാണ് എത്തുന്നത്. പഴങ്ങളും പച്ചക്കറികളും പോലുള്ള തോട്ടവിളകൾക്ക് അനിവാര്യമായ സ്‌പെഷ്യാലിറ്റി വളങ്ങളുടെ എൺപത് ശതമാനവും ചൈനയിൽ നിന്നാണ് വരുന്നത്. ഖാരിഫ് സീസൺ (ജൂൺ- ജൂലായ്) ആരംഭിച്ചതോടെ ഡി.എ.പിയുടെയും സ്‌പെഷ്യാലിറ്റി വളങ്ങളുടെയും ക്ഷാമം രൂക്ഷമായി. ഇതോടെയാണ് ഇന്ത്യയിൽ എല്ലാത്തരം രാസവളങ്ങൾക്കും വില കുത്തനെ കൂടുന്നത്.

ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകും

രാസവളങ്ങളുടെ ക്ഷാമവും വിലക്കയറ്റവും നാണയപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കും. പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ കൂടാൻ രാസവള വിപണിയിലെ പ്രതിസന്ധി കാരണമാകുമെന്ന ആശങ്ക ശക്തമാണ്. കാലവർഷത്തിന്റെ ലഭ്യത ഉയർന്നതോടെ രാസവളങ്ങളുടെ ആവശ്യം ഏറുന്ന സമയത്താണ് ചൈനയുടെ കയറ്റുമതി നിരോധനമെന്നതാണ് വെല്ലുവിളി, നെല്ലിന് പുറമേ തെങ്ങ്, റബർ, പച്ചക്കറി, തേയില, ഏലം കൃഷിക്കും വളപ്രയോഗം നടത്തേണ്ട സീസണിൽ രാസവളങ്ങൾക്ക് ക്ഷാമം കൂടിയതാണ് കർഷകരെ വലയ്ക്കുന്നത്.

സർക്കാരിനും അലംഭാവം

വിപണിയിൽ വളം ക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുമ്പോഴും കേന്ദ്ര സർക്കാർ വിപണിയിൽ ഇടപെടാതെ മാറിനിൽക്കുകയാണ്. അഞ്ച് വർഷത്തിന് ശേഷം ഗ്രാമീണ വിപണി മികച്ച ഉണർവിലേക്ക് നീങ്ങുമ്പോൾ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതയിലെ ഇടിവ് കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

2024-25 വർഷത്തിലെ ആഭ്യന്തര രാസവളം ഉത്പാദനം

4.42 കോടി ടൺ

ഇന്ത്യയിലെ മൊത്തം വളം ഉപഭോഗം

6.56 കോടി ടൺ