ഫ്രാങ്കോയുടെ ടെറസിൽ 80 ഇനം പൈനാപ്പിൾ

Sunday 13 July 2025 12:36 AM IST

തൃശൂർ: പൈനാപ്പിളിൽ എത്ര വെറൈറ്റിയുണ്ടെന്നറിയാൻ ഈ വീടിന്റെ ടെറസിൽ കയറാം. 80 ഇനമാണ് തൃശൂർ കുറ്റൂരിൽ ഫ്രാങ്കോ ജോസഫിന്റെ വീട്ടിൽ വളരുന്നത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ളവ. ചാർട്ടേഡ് അക്കൗണ്ടന്റാണ് ഫ്രാങ്കോ.

വലിയ പ്ലാസ്റ്റിക് ചട്ടികളിലാണ് പരിപാലനം. ബ്രസീൽ, ഫ്രാൻസ്, ഹവായ്, കോസ്‌റ്റോറിക്ക, നൈജീരിയ, കെനിയ, തായ്‌ലൻഡ്, മലേഷ്യ,ഫിലിപ്പൈൻസ്, ഓസ്‌ട്രേലിയ ഇങ്ങനെ പോകുന്നു പൈനാപ്പിളിന്റെ മാതൃനാട്. ഇന്ത്യയിലെ പത്തോളം ഇനങ്ങൾ വെറെ.

വ്യത്യസ്ത രുചിയും ആകൃതിയുമുള്ള പൈനാപ്പിൾ എവിടെയുണ്ടെന്ന് അറിഞ്ഞാലും എന്ത് വില കൊടുത്തും ഫ്രാങ്കോ വാങ്ങും. ഏഴായിരം രൂപയ്ക്ക് വാങ്ങിയ തൈകളുണ്ട്. പെറോള, ആഫ്രിക്കൻ ഷുഗർ ലോഫ്, ബ്രസീലിയൻ യെല്ലോ, മാംഗോ പൈനാപ്പിൾ, വാട്ടർ മെലൻ പൈനാപ്പിൾ, ഗോമുഡെമൈൽ, പെട്രാവിയ, മേഘാലയ മീട്ട, വാഷിംഗ്ടൺ, സെലാഷ്.... ഏറ്റവും മധുരമുള്ള ഇനങ്ങളുടെ പേരുകളാണ്. ആറു കിലോ തൂക്കംവരുന്ന പൈനാപ്പിളും ടെറസിലുണ്ട്. ആറിനം അലങ്കാര പൈനാപ്പിളും നട്ടു.

60 സെന്റിൽ മറ്റു പഴങ്ങൾ

ദുബായിൽ 20 വർഷം ജോലി ചെയ്ത കാലത്താണ് രാത്രിയിലെ ഭക്ഷണം പഴങ്ങളാക്കിയത്. 11 വർഷം മുമ്പ് നാട്ടിലെത്തിയപ്പോൾ സ്വന്തമായി ഉത്പാദിപ്പിക്കണമെന്നായി. വീടിനോട് ചേർന്നുള്ള 60 സെന്റ് സ്ഥലത്ത് വ്യത്യസ്ത പഴവർഗങ്ങൾ വച്ചുപിടിപ്പിച്ചു. മാംഗോസ്റ്റിൻ,​ റമ്പൂട്ടാൻ,​ ചാമ്പയ്ക്ക,​ പേരയ്ക്ക,​ മാങ്ങ,​ തേൻവരിക്കച്ചക്ക എന്നിവ വിളയുന്ന തോട്ടം. ഇതിനുപുറമെയാണ് ടെറസിലെ പൈനാപ്പിൾ കൃഷി. സ്‌കൂൾ അദ്ധ്യാപികയാണ് ഭാര്യ ബിന്ദു. മകൾ ഡോ. നിവ്യ.

തൈ വിറ്റ് വരുമാനം

പൈനാപ്പിൾ തൈകൾ വിറ്റ് വരുമാനവും ഫ്രാങ്കോ നേടുന്നുണ്ട്. 500 മുതൽ 3500 രൂപ വരെയാണ് വില. വില നോക്കാതെ വാങ്ങാൻ ആളുണ്ട്.