കണ്ട് കൊതി തീർന്നില്ല..., മനം തകർന്ന് വിപഞ്ചികയുടെ മാതാവ്

Sunday 13 July 2025 12:44 AM IST

കൊല്ലം: 'എന്റെ പൊന്നുമക്കളില്ലാതെ ഞാനെങ്ങനെ ജീവിക്കും. കണ്ട് കൊതി തീർന്നില്ലേ...'' അകാലത്തിൽ വേർപെട്ട മകൾ വിപഞ്ചിക,​ കൊച്ചു മകൾ വൈഭവി എന്നിരെയോർത്ത് അമ്മ ഷൈലജയുടെ നിലവിളിയാണിത്.

കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ വി​പഞ്ചികയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ അപായപ്പെടുത്തിയതാകാമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബം. ചൊവ്വാഴ്ച രാത്രി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നേകാൽ വയസുള്ള വൈഭവി ജനിച്ചത് ഷാർജയിലാണ്. ആറാം മാസത്തിൽ ചോറൂണിന് വന്നപ്പോഴാണ് ഷൈലജ കൊച്ചുമകളെ നേരിൽ കാണുന്നത്. ഒരുമാസത്തിനുള്ളിൽ വരുമെന്ന് വിപഞ്ചിക അടുത്തിടെ പറഞ്ഞിരുന്നു. ഇരുവരെയും കാണാൻ കൊതിച്ചിരിക്കുമ്പോഴാണ് ഹൃദയം തകർക്കുന്ന വാർത്തയെത്തിയത്.

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല. ഞാൻ വേദനിക്കുമെന്ന് കരുതി അവൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനൊറ്റയ്ക്കാണ് അവളെ വളർത്തിയത്. ആ അവസ്ഥ തന്റെ കുഞ്ഞിന് വരരുതെന്ന് വിപഞ്ചിക ആഗ്രഹിച്ചിരുന്നു. അവൾ നാട്ടിൽ വന്നാൽ എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും. അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കിയതാണ്... ഷൈലജ വിതുമ്പിക്കൊണ്ട് പറഞ്ഞു.

വിദേശകാര്യ മന്ത്രിക്ക് പരാതി

വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുക്കൾ വിദേശകാര്യമന്ത്രി, ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റ്, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകി. തന്റെ കൊലയാളികളെ വെറുതെവിടരുതെന്ന് വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭർത്താവ് നിതീഷ് മോഹനിൽ നിന്ന് നേരിട്ട അതിക്രൂര പീഡനങ്ങൾക്ക് പുറമേ ഭർത്തൃപിതാവ് മോഹനൻ വലിയവീട്ടിൽ, ഭർത്തൃസഹോദരി നീതു എന്നിവർക്കെതിരെയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളുണ്ട്. ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് മൃതദേഹങ്ങൾ. വൈഭവിയുടെ പോസ്റ്റ് മോർട്ടം കഴിഞ്ഞു. തെളിവ് ശേഖരിക്കേണ്ടതിനാൽ വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം നടന്നിട്ടില്ല.