95കാരന് 98കാരന്റെ പിറന്നാൾ ആശംസകൾ

Sunday 13 July 2025 12:24 AM IST

ജസ്റ്റിസ് സുകുമാരന്റെ 95-ാം ജന്മദിനം ആഘോഷിച്ചു

കൊച്ചി: ''തൊണ്ണൂറ്റി അഞ്ച് വയസായ ജസ്റ്റിസ് കെ. സുകുമാരന്, 98 വയസുള്ള ഞാൻ ജന്മദിനാശംസയും ആയുരാരോഗ്യ സൗഖ്യവും നേരുന്നു...""

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) എറണാകുളത്ത് സംഘടിപ്പിച്ച ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രൊഫ. എം.കെ. സാനുവാണ് ജസ്റ്റിസ് സുകുമാരന് വേറിട്ട പിറന്നാൾ ആശംസ നൽകിയത്.

''വാർദ്ധക്യം തനിക്കൊരു ബാദ്ധ്യതയാണ്, ശാപവും ദു:ഖവുമാണ്. എന്നാൽ ജസ്റ്റിസ് സുകുമാരനെ സംബന്ധിച്ച് വാർദ്ധക്യം സൗഭാഗ്യവും സന്തോഷപ്രദവുമാണ്. വളരെ സഹനീയവുമാണ്,"" എം.കെ. സാനു പറഞ്ഞു.

ഇന്ത്യൻ ഓഥേഴ്സ് സൊസൈറ്റിയിലൂടെ സാഹിത്യപരിപോഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം ഒരുപാട് പേരെ സാഹിത്യലോകത്തേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുന്നുണ്ട്. അദ്ധ്യാപകനായും അഭിഭാഷകനായും ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചപ്പോഴും പ്രകൃതിയെയും സാഹിത്യത്തെയും പ്രണയിച്ചുകൊണ്ടേയിരുന്നു. ഈ സാഹിത്യപരിപോഷണ പരിശ്രമങ്ങൾ അദ്ദേഹത്തിന് ഈശ്വരനിൽ നിന്ന് ലഭിച്ച ഒരു അനുഗ്രഹമാണെന്നും എം.കെ.സാനു പറഞ്ഞു. ഇൻസ പ്രസിഡന്റ് പ്രൊഫ. പി.കെ. ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുൻ ന്യായാധിപന്മാരായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, വ്യവസായി കെ.കെ. കർണൻ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, എസ്. അനന്തനാരായണൻ എന്നിവർ പ്രസംഗിച്ചു. പ്രമുഖരുൾപ്പടെ നിരവധിപേർ ജസ്റ്റിസ് സുകുമാരന് ആശംസ നേരാനെത്തി.