സ്‌കൂൾ സമയമാറ്റം; ചർച്ചയ്ക്ക് തയ്യാറെന്ന് ശിവൻകുട്ടി

Sunday 13 July 2025 12:30 AM IST

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി വി.ശിവൻകുട്ടി. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞതെന്നും ധിക്കാരപരമായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. സമസ്ത ഉൾപ്പെടെ ഏതു സംഘടനയുമായും ചർച്ചക്ക് തയ്യാറാണ്. സമയം അവർ പറഞ്ഞാൽ മതി. കോടതി വിധിയുടെ മേൽ യാതൊരുവിധ ചർച്ചയ്ക്കും സാദ്ധ്യതയില്ലെന്നാണ് താൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. സമരം ചെയ്യാൻ സംഘടനകൾക്ക് അധികാരമുണ്ട്. കുട്ടികളുടെ സുരക്ഷയുമായി സ്‌കൂളുകളിൽ നിലവിൽ പ്രശ്നങ്ങളില്ല. സ്‌കൂൾ തുറക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി രണ്ടു തവണ യോഗം വിളിച്ചു. ഇനി ഏതെങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ ഹൈക്കോടതി നിർദ്ദേശിച്ചാൽ അത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.