കോടതി ഭാഷ മലയാളം ആക്കുന്നത് സ്വാഗതാർഹം : മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കോടതി ഭാഷ മലയാളം ആക്കണമെന്ന ആവശ്യം സ്വാഗതാർഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷന്റെ പൊതുസമ്മേളനം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ ക്രിമിനൽ കോടതികളുടെ ഇന്റഗ്രേഷനിൽ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികൾ വേഗത്തിലാക്കും. മറ്റു വകുപ്പുകളിൽ അധികമുള്ള തസ്തികകൾ ക്രിമിനൽ കോടതികളിലേക്ക് പുനർവിന്യസിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ കെ.പി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജശേഖരൻ നായർ, എസ്.പ്രദീപ് എന്നിവർ സംസാരിച്ചു. ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിവസം ഹൈക്കോടതി ജഡ്‌ജ് രാജാവിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.രാജേന്ദ്രൻ, അഡിഷണൽ അഡ്വക്കറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, നിയമവകുപ്പ് സെക്രട്ടറി കെ.ജി.സനൽകുമാർ, പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജ് എസ്.നസീറ, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കെ.എം.സുജ, പള്ളിച്ചൽ എസ്.കെ.പ്രമോദ്, സദാശിവൻ നായർ, ഗിരീഷ് ഇടമറുക് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അമൽ ജോസ്(പ്രസിഡന്റ് ), മനു പുരുഷോത്തമൻ( ജനറൽ സെക്രട്ടറി) , എസ്.പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.