'സി.ഐ.ഡി മൂസ' മോഡൽ സഞ്ജയിന്റെ ഹോസ്റ്റൽ മുറി
തിരുവനന്തപുരം: സി.ഐ.ഡി മൂസ എന്ന ചിത്രത്തിലെ മൂലംകുഴിയിൽ സഹദേവന്റെ കാർപോലെയാണ് സഞ്ജയ് കൃഷ്ണന്റെ എറണാകുളം മഹാരാജാസ് കോളേജിലെ 72-ാം നമ്പർ ഹോസ്റ്റൽ മുറി. വാതിലുകൾ തുറക്കാനും അടയ്ക്കാനും തുണി ഉണക്കാനുമൊക്കെ കട്ടിലിനടിയിലെ സ്വിച്ചിൽ വിരലമർത്തിയാൽ മതി. കർട്ടൻ നീക്കാനും ജനാലയ്ക്കരികിൽ പോകേണ്ട. കട്ടിലിൽ കിടന്നുകൊണ്ടുതന്നെ ഇതെല്ലാം നിയന്ത്രിക്കാം.
മഹാരാജാസ് കോളേജിലെ പി.ജി അവസാന വർഷ വിദ്യാർത്ഥിയും കാസർകോട് ചെമ്മനാട് സ്വദേശിയുമായ സഞ്ജയിന്റെ കണ്ടുപിടിത്തങ്ങളാണിതെല്ലാം. എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന മാസ്റ്റർ സ്വിച്ച് ബോർഡ് കട്ടിലിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജനാലയിലും വാതിലിലുമെല്ലാം ഗിയർ മോട്ടോറുകൾ ഘടിപ്പിച്ചാണ് പ്രവർത്തനം. സ്വിച്ച് അമർത്തിയാൽ വാതിലിന്റെ കൊളുത്ത് താനെ ഇളകും. റൂമിലെ എല്ലാ വൈദ്യുതി ഉപകരണങ്ങളും ഒറ്റയടിക്ക് നിറുത്താനും സ്വിച്ചുണ്ട്. കട്ടിലിനടിയിൽ തന്നെ ഫോണും പവർബാങ്കും ചാർജ് ചെയ്യാം.
തുണി ഉണക്കാനും സൗകര്യമുണ്ട്. സ്വിച്ച് അമർത്തിയാൽ അയയിൽ ഹാംഗറിൽ തൂക്കിയിട്ട ഷർട്ട് ഒരു നിശ്ചിത വേഗതയിൽ കറങ്ങും. പെട്ടെന്ന് ഉണങ്ങിക്കിട്ടും. മോട്ടോറിനും സ്വിച്ചിനുമൊക്കെയായി ചെറിയൊരു തുക മാത്രമാണ് സഞ്ജയിന് ചെലവായത്.
യൂട്യൂബ് ചാനലും ഹിറ്ര്
ബിരുദ, ബിരുദാനന്തര തലത്തിൽ സഞ്ജയിന്റെ വിഷയം മലയാളമാണ്. എങ്കിലും ശാസ്ത്രവിഷയങ്ങളോടുള്ള താത്പര്യമാണ് ഇതിലേക്ക് നയിച്ചത്. ശാസ്ത്രമേളകളിലടക്കം പങ്കെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളൊക്കെ ഉൾപ്പെടുത്തി കൊവിഡ് കാലത്ത് ആരംഭിച്ച 'ക്രാഫ്റ്റ് കമ്പനി മലയാളം" എന്ന യൂട്യൂബ് ചാനലിന് മൂന്നുലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹൈടെക് ഹോസ്റ്റൽ മുറിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ കണ്ടത് രണ്ടു ദശലക്ഷത്തിലധികംപേർ. അച്ഛൻ: തമ്പാൻ നമ്പ്യാർ,അമ്മ: ബാലാമണി. സഹോദരൻ: മുരളീകൃഷ്ണൻ.