സ്കൂൾ സമയമാറ്റം:സർക്കാരിന് വാശി പാടില്ലെന്ന് സമസ്ത #ചർച്ച വേണം

Sunday 13 July 2025 1:18 AM IST

കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിന് അനുസരിച്ച് മതപഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സർക്കാർ അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ മന്ത്രിക്ക് വാശി പാടില്ലെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മദ്രസ സമയം മാറ്റാൻ പറ്റില്ല. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് മന്ത്രിക്കല്ല, മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. ആരുടേതായാലും മറുപടി മാന്യമായിരിക്കണം. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. സമയം വേറെ കണ്ടെത്താമെന്നാണെങ്കിൽ എല്ലാവർക്കും അതാകാമല്ലോ. പിന്നെ തങ്ങൾ സമയം കണ്ടെത്തണമെന്ന് പറഞ്ഞാൽ ആകെ 24 മണിക്കൂറല്ലേ ഉള്ളൂ? ഉറങ്ങുന്ന സമയത്ത് മദ്രസ പ്രവർത്തിക്കാൻ പറ്റുമോ? ആര് സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലർക്കും പറയാം. അതു ശരിയല്ല. വലിയ മതസമൂഹത്തിന്റെ ആവശ്യത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ മന്ത്രിസഭയും ഭരണവും. സമുദായങ്ങളല്ലേ ഇവിടെ വോട്ടു ചെയ്യുന്നത്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങളല്ലേ പറയുക. സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പോകും. പക്ഷേ അത് ഉടൻ വേണം. ഇപ്പോൾത്തന്നെ വൈകി. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്ത സ്വീകരിക്കും. മാന്യമായ തീരുമാനം സർക്കാരിൽ നിന്നുമുണ്ടാകണം. സമരപരിപാടികൾ നേരത്തേ തീരുമാനിച്ചതാണ്. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം അവസാനിപ്പിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.