കാർ പൊട്ടിത്തെറിച്ച് അപകടം, ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു

Sunday 13 July 2025 1:19 AM IST

തീകത്തി നശിച്ച കാർ

പാലക്കാട്: കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. മൃതദേഹങ്ങൾ പാലക്കാട് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം പാലന ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം പിന്നീട്. കുട്ടികളുടെ അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. അലീന അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്സായ എൽസി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപടരുകയും ആളിക്കത്തുകയുമായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസംമുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്.

കാലപ്പഴക്കമുള്ള കാറിന്റെ ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്. അന്വേഷണം തുടരുകയാണ്.

ചികിത്സാ ചെലവ് ഏറ്റെടുക്കും

അപകട സ്ഥലം മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിച്ചു. ചികിത്സാ ചെലവ് ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അപടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് നടപടിയെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും പറഞ്ഞു.