ആര്യ വൈദ്യശാല ട്രസ്റ്റി രാഘവവാരിയർ അന്തരിച്ചു
കോട്ടയ്ക്കൽ: ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡ് അംഗവും സ്പെഷ്യൽ കൺസൾട്ടന്റുമായ പി. രാഘവവാരിയർ (91) അന്തരിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അന്ത്യം.
ആര്യവൈദ്യശാല മുൻ മാനേജിംഗ് ട്രസ്റ്റി പരേതനായ ഡോ. പി.കെ. വാരിയരുടെ അനന്തരവനാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റിയായും വിവിധ വകുപ്പുകളുടെ മേധാവിയായും ഏഴോളം ദശകം പ്രവർത്തിച്ചു. 1934 ജൂൺ 20ന് ചെറുനെല്ലിക്കാട്ടു വാര്യത്ത് രാമ വാരിയരുടെയും പന്നിയമ്പള്ളി വാര്യത്ത് പാർവതി എന്ന കുഞ്ഞുകുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു.1958 മാർച്ച് ഒന്നിനാണ് ആര്യവൈദ്യശാലയിൽ ചേർന്നത്. സിവിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെയും ഔഷധത്തോട്ടങ്ങളുടെയും ചുമതല വഹിച്ചു. 1980ൽ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായി. 2006 മുതൽ സ്പെഷ്യൽ കൺസൾട്ടന്റ് (പ്രോജക്ട്) ആയി പ്രവർത്തനമാരംഭിച്ചു. 1987 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്. ആത്മകഥയായ 'ഓർമ്മയുടെ സുഗന്ധം' ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: തൃശൂർ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്മി വാരസ്യാർ. മക്കൾ: ഡോ. പി.ആർ. രമേശ് ( സൂപ്രണ്ട് ആൻഡ് ചീഫ് മെഡിക്കൽ ഓഫീസർ, എ.എച്ച്. ആൻഡ് ആർ.സി-ഈസ്റ്റ്), ഉഷ (ഇൻകം ടാക്സ് അഡ്വൈസർ, യു.എസ്.എ). മരുമക്കൾ: പ്രീത രമേശ് വാരിയർ (അഡ്മിനിസ്ട്രേഷൻ ചീഫ് മാനേജർ , ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ), ദേവകിനന്ദനൻ (കമ്പ്യൂട്ടർഎൻജിനീയർ, യു.എസ്.എ).
സഹോദരങ്ങൾ: പി. ശങ്കരവാരിയർ(ആര്യവൈദ്യശാല മുൻ ചീഫ് ഫിസിഷ്യൻ), ശാരദ വാരസ്യാർ, ഗോവിന്ദൻകുട്ടി വാരിയർ, സാവിത്രി വാരസ്യാർ , ഡോ.പി. മാധവൻകുട്ടി വാരിയർ (ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ആൻഡ് ചീഫ് ഫിസിഷ്യൻ).