മലയാളി യുവ ഡോക്‌ടർ യു.പിയിലെ ഹോസ്റ്റലിബൽ മരിച്ച നിലയിൽ
പാറശാല: പാറശാല സ്വദേശിയായ യുവ ഡോക്‌ടറെ യു.പിയിൽ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല ഇടിച്ചക്കപ്ലാമൂട് ശിവജി ഐ.ടി.ഐ ക്ക് സമീപം പാമ്പാടുംകുഴി വീട്ടിൽ മുക്തഭടനായ ഡേവിഡ് റിട്ട. അദ്ധ്യാപികയായ ജൂലിയറ്റിന്റെയും ഇളയ മകൻ ഡോ. അബിഷോ ഡി.ജെ (32) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ബാബ രാഘവ് ദാസ് (ബി.ആർ.ഡി) മെഡിക്കൽ കോളേജിലെ പി.ജി (അനസ്തേഷ്യ) മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസത്തെ കാഷ്വാലിറ്റി ഡ്യൂട്ടിക്ക് രാവിലെ 10 മണി കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അനസ്തേഷ്യ വിഭാഗം ജീവനക്കാർ ഹോസ്റ്റലിൽ എത്തി. ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഡിപ്പാർട്ട്‌മെൻറിലെ മറ്റ് ഡോക്‌ടർമാരെ വിവരം അറിയിച്ചു. തുടർന്ന് മുറിയുടെ വാതിൽതകർത്ത് അകത്തുകയറിയപ്പോഴാണ് അഭിഷോയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. മുറിയുടെ വാതിൽ അകത്ത് നിന്ന് അടച്ചിരുന്നതിനാൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപ് വിവാഹിതനായ അബിഷോ തനിച്ചായിരുന്നു താമസം. തിരുവനന്തപുരം എസ്.എ.ടി ഹോസ്പിറ്റലിൽ എം.ഡി (ഗൈനക്കോളജി) വിദ്യാർത്ഥിയായ ഭാര്യ ഡോ. നിമിഷ ഗർഭിണിയാണ്. ഈ മാസം19ന് ഡോ. അബിഷോ നാട്ടിലേക്ക് വരാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു.
മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനായി കോന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും അബിഷോയുടെ മൂത്ത മകനുമായ ഡോ. അബിനോയും ബന്ധുക്കളായ രണ്ടുപേരും യു.പിയിലേക്ക് പോയി. കുടുംബപ്രശ്‍നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.