ടി.ഇ.പി.എസ് പ്രവർത്തനം ശക്തമാക്കും

Sunday 13 July 2025 1:44 AM IST

തിരുവനന്തപുരം: തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ (ടി.ഇ.പി.എസ്) പ്രവർത്തനം ശക്തിപ്പെടുത്താനും വകുപ്പുകളുടെ സഹകരണം മെച്ചപ്പെടുത്താനും തീരുമാനം. 15-ാം വാർഷിക പൊതുയോഗത്തിലാണിത്. സംസ്ഥാനത്തെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ടി.ഇ.പി.എസിന്റെ അധികാര പരിധി വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ശ്രീധന്യ സുരേഷും പങ്കെടുത്തു. ടി.ഇ.പി.എസ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് എക്സിക്യുട്ടീവിനെ ചുമതലപ്പെടുത്തി. മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ ഭേദഗതി വരുത്തുവാനുള്ള തീരുമാനം സർക്കാരിന് സമർപ്പിക്കും. ജീവനക്കാർക്കുള്ള 11-ാം ശമ്പള പരിഷ്‌കരണം ശരിവച്ചു. ഓഡിറ്റഡ് കണക്കുകളും വാർഷിക ബഡ്ജറ്റും സാധൂകരിക്കുകയും സാമ്പത്തിക വർഷത്തെ ബഡ്ജറ്റിന് അംഗീകാരം നൽകുകയും ചെയ്തു.