'സിമ്പിൾ ആൻഡ് ഹമ്പിൾ'; അനന്ത് അംബാനിയും രാധികയും വിവാഹവാർഷികം ആഘോഷിച്ചത് ആരും പ്രതീക്ഷിക്കാത്തയിടത്ത്
മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഇളയ മകനുമായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റേയും ആദ്യവിവാഹ വാർഷികം കഴിഞ്ഞ ദിവസമായിരുന്നു. ലോകമെമ്പാടുമുളള ജനങ്ങളെ അതിശയിപ്പിക്കുന്ന രീതിയിലുളള വിവാഹമായിരുന്നു അംബാനി കുടുംബത്തിൽ കഴിഞ്ഞ വർഷം നടന്നത്. ഈ രാജകീയ വിവാഹത്തിനുമാത്രമായി 5000 കോടി രൂപ ചെലവായെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോഴിതാ അനന്ത് അംബാനിയും രാധികാ മെർച്ചന്റും വിവാഹവാർഷികം എങ്ങനെയാണ് ആഘോഷിച്ചതെന്നറിയാൻ ചിലർക്കെങ്കിലും കൗതുകം കാണും. റിലയൻസ് ഇൻഡസ്ട്രീസ് തന്നെ മേൽനോട്ടം വഹിക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമായ വൻതാരയിലായിരുന്നു ആഘോഷം. ഇവിടെ സംരക്ഷിക്കപ്പെടുന്ന മൃഗങ്ങൾക്ക് ഹൃദ്യമായ വിരുന്ന് നൽകിയാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.
വൻതാരയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ വിഭവ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അതിനോടൊപ്പം ചെറിയ കുറിപ്പും ചേർത്തിട്ടുണ്ട്. അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റേയും വിവാഹ വാർഷിക ദിവസം ഞങ്ങൾ ആവേശത്തോടെയും ആഘോഷത്തോടെയും സ്വാഗതം ചെയ്യുന്നു. വൻതാരയിലുളളവർക്ക് ഒരു രാജകീയ വിരുന്നാണ് അവർ നൽകിയത്. തിളക്കമുളള കണ്ണുകൾ, സന്തോഷകരമായ ഹൃദയങ്ങൾ, ശുദ്ധമായ ആനന്ദം എന്നിവയാൽ സ്വാഗതം ചെയ്യപ്പെട്ടു. എന്നാണ് പോസ്റ്റ്.
അനന്ത് അംബാനിയുടെ മേൽനോട്ടത്തിലാണ് വൻതാര പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന സ്ഥലമാണ് വൻതാര. ഗുജറാത്തിൽ 3000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മേഖല വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിന് പേരുകേട്ടതാണ്. അനന്ദിന്റെയും രാധികയുടെയും വിവാഹം കഴിഞ്ഞ വർഷം ജൂലായ് 12 മുതൽ 14 വരെ നീണ്ടുനിന്നതായിരുന്നു. ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷനിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇന്ത്യയുടെ സ്വന്തം രാജകീയ വിവാഹമെന്നായിരുന്നു ഇത് അറിയപ്പെട്ടത്.
വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം നേരത്തെ ഗുജറാത്തിലെ ജാംനഗറിൽ നടന്നിരുന്നു. അന്ന് ജാംനഗറിൽ നാട്ടുകാരായ 51,000 പേർക്ക് അത്താഴം നൽകിയിരുന്നു. 2500ൽപ്പരം വിഭവങ്ങൾ നൂറിലേറെ ഷെഫുകൾ ചേർന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.
മാർക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവരും എത്തിയിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു.