'നല്ലൊരു നാടകം കണ്ടതിന്റെ അനുഭവം' ഗിൽ-ക്രൗളി തർക്കത്തിൽ പ്രതികരിച്ച് മുൻ ഇംഗ്ലണ്ട് താരം

Sunday 13 July 2025 12:23 PM IST

ലണ്ടൻ: ലൊർഡ്‌സ് ടെസ്റ്റിൽ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ചൂടേറിയ പോരാട്ടമാണ് നടന്നത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ നേടിയ 387 എന്ന സ്കോറിൽ തന്നെയാണ് ഇന്ത്യയും ഓൾഔട്ടായത്. കളി അവസാനിക്കാൻ ഏകദേശം ആറ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു. ഈ സമയം ഇരു ടീമും തമ്മിലുണ്ടായ തമ്മിലുണ്ടായ തർക്കമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ ചർച്ചാവിഷയം.

'വാക്കുതർക്കമൊക്കെ ഉണ്ടായി പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയിട്ടില്ല. നല്ലൊരു നാടകം കണ്ടതിന്റെ അനുഭവം അത്രമാത്രം'. ഇംഗ്ലന്റിന്റെ മുൻതാരം മൈക്കൽ ആതർട്ടൺ സംഭവത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അതേസമയം ശുഭ്മാൻ ഗിൽ ഇംഗ്ലണ്ട് താരങ്ങളെ നേരിടുമ്പോൾ ഇത് കണ്ട് വിരാട് കൊഹ്‌ലി അഭിമാനിക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതികരണം.

മറ്റൊരു ഓവർ എറിയുന്നത് തടയാൻ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായ സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും സമയം പാഴാക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ക്രൗളിയും ഡക്കറ്റും സമയം പാഴാക്കിയപ്പോൾ ശുഭ്മാൻ ഗിൽ ഇരുവരോടും നേരിട്ട് പ്രതികരണവുമായി എത്തി. ഓവറിലെ രണ്ടാമത്തെ പന്ത് എറിയുന്നതിനുമുമ്പ് തന്നെ ക്രൗളി സമയം പാഴാക്കിയെന്ന് ആരോപിച്ച് ബുംറയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബുംറ തന്റെ റൺ-അപ്പ് ആരംഭിച്ചപ്പോൾ, ക്രൗളി ക്രീസിൽ നിന്നും മാറി നിന്നതാണ് ഇന്ത്യൻ താരങ്ങളെ ആദ്യം ചൊടിപ്പിച്ചത്.

അഞ്ചാം പന്തിൽ, ക്രാളിയുടെ ഗ്ലൗവിൽ ബുംറയുടെ ഏറുകൊണ്ടു. ക്രൗളി ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ താരങ്ങൾ പരിഹാസത്തോടെ കൈയ്യടിച്ചാണ് ഈ നാടകത്തോട് പ്രതികരിച്ചത്. സ്ലിപ്പിൽ നിന്നിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ക്രൗളിയും ഡക്കറ്റുമായി കൈചൂണ്ടി സംസാരിക്കുന്നതു വരെയെത്തി.