തെരുവുനായ കുറുകെ ചാടി; മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Sunday 13 July 2025 3:32 PM IST

മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 10 മണിയോടെ മലപ്പുറം മങ്കടയിലെ കർക്കിടകം ജംഗ്ഷനിലാണ് സംഭവം. വെള്ളില യു.കെ. പാടി സ്വദേശി കടുകുന്നൻ നൗഫലാണ് മരിച്ചത്. തെരുവുനായയെ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡിൽ തലയിടിച്ചാണ് നൗഫൽ മരിച്ചത്.

തെരുവ് നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. ഓട്ടോയിലുണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഫലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.