കടലിരമ്പം പോലെ വിവേകാനന്ദന്റെ കവിതകൾ

Monday 14 July 2025 12:52 AM IST

‘ഈ കടൽ ചിലപ്പോൾ ചിരിക്കും

ചിലപ്പോൾ കരയും ചിലപ്പോൾ അലറും ചിലനേരം സാവധാനം പാദങ്ങൾ തഴുകും എന്റെ ഭാര്യയെപ്പോലെ.....’

കൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാത്ത മത്സ്യത്തൊഴിലാളി വിവേകാനന്ദൻ മുനമ്പം കോറിയിട്ട വരികൾ. ദാരിദ്ര്യം മൂലം ഏഴാം ക്ളാസ് ജയിക്കാനാകാതെ വട്ടവലപ്പെയ്‌ത്തിനും നീട്ടുവലയിടാനും പോയൊരു കുട്ടിക്കാലത്തിന്റെ കെടുതികളിൽ നിന്നാണ് ഈ കവി പിറന്നത്. മുനമ്പം തുറമുഖത്തിനടുത്ത കുടുംബവീട്ടിൽ അമ്മ തങ്കമ്മ പാടുന്ന തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കേട്ടാണ് വളർന്നത്. ഹിന്ദി സിനിമാ പാട്ടുകൾ കേട്ടാൽ പാരഡിയെഴുതുന്നത് പതിവായി. വീടിനടുത്ത വായനശാലയിലെ പത്രവായന എഴുത്തിന്റെ ലോകത്തേക്ക് നയിച്ചു.

പള്ളിപ്പുറം പള്ളിയിലെ പെരുന്നാളിന് മഹാകവി കുമാരനാശാന്റെ ‘സിംഹപ്രസവം’ വാങ്ങി. പലയാവർത്തി വായിച്ചിട്ടും മനസിലാകാത്ത വാക്കുകൾ കുറിച്ചുവച്ചു. ചെറായിയിലെ പബ്ലിക് ലൈബ്രറിയിലെ നിഘണ്ടുവാണ് സംശയ നിവാരണം നൽകിയത്. അങ്ങനെ മലയാളത്തിലെ കവിതകൾ പരിചിതമായി.

ജീവിക്കാൻ ചെമ്മീൻകിള്ള് കമ്പനിയിൽ മേൽനോട്ടക്കാരനായി. പിന്നെ തരകനായപ്പോഴും മനസിൽ കവിതയുടെ കടലിരമ്പമായിരുന്നു. പുതുതായി തുടങ്ങിയ ചെറുകാട് വായനശാല ആനുകാലികങ്ങളുടെ ലോകം തുറന്നു. വാരാന്ത്യ പതിപ്പിലേക്കയച്ച കവിത വിവേകാനന്ദൻ മുനമ്പം എന്ന പേരിലച്ചടിച്ചു വന്നതോടെ പുതിയൊരു കവി പിറന്നു-

ഇപ്പോൾ പ്രായം 70. അരനൂറ്റാണ്ടിനിടെ മൂന്ന് സമാഹാരങ്ങളിലായി പ്രസിദ്ധീകൃതമായത് 300-ലേറെ കവിതകൾ. അമച്ച്വർ, പ്രൊഫഷണൽ നാടകങ്ങൾക്കായി 50 ഗാനങ്ങൾ. മൂന്നു ബാലസാഹിത്യ കൃതികളും ഒരു കഥാസമാഹാരവും. ആനുകാലികങ്ങളിൽ കവിതകളും കഥകളും വന്നുകൊണ്ടിരിക്കുന്നു. 1992ൽ വിവേകാനന്ദന്റെ നാടകഗാനങ്ങളുടെ ഓഡിയോ കാസറ്റ് ഇറങ്ങി. തെരഞ്ഞെടുത്തവ ആകാശവാണിയുടെ കൊച്ചി എഫ്.എം നിലയം സംപ്രേഷണം ചെയ്തത് അംഗീകാരമായി. സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ മുഖപത്രമായ സാഹിത്യശ്രീ മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചു.

ശോഭനയാണ് ഭാര്യ. മക്കൾ: വിശോഭ്, വിഭുല.

തെലുങ്ക് സിനിമ വിളിച്ചു

നിനച്ചിരിക്കാതെയാണ് തെലുങ്ക് സിനിമ 'സാവിത്രി’യുടെ മലയാളം ഡബ്ബിംഗിലെ മൂന്ന് ഗാനങ്ങൾ എഴുതാൻ അവസരം ലഭിച്ചത്. കഥയുടെ സന്ദർഭം മനസിലാക്കിയുള്ള സ്വതന്ത്രരചനയായിരുന്നു. അങ്ങനെ വെള്ളിത്തിരയിലും തെളിഞ്ഞു വിവേകാനന്ദന്റെ പേര്.

സമൂഹമാദ്ധ്യമത്തിലും സജീവം

ദിവസവും കവിതയെഴുതി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യും. അവയിൽ നിന്നു തെരഞ്ഞെടുത്ത കവിതകൾ വൈകാതെ പുസ്തക രൂപത്തിലിറങ്ങും. ഇതിനിടെയും മുനമ്പം തുറമുഖത്ത് മത്സ്യ ബിസിനസിനെത്തുന്നു. കാരണം, ഈ മനസിൽ കഥയും കവിതയും നുര പതയുന്നത് കടലമ്മയിൽ നിന്നാണ്.