മിഷൻ വാത്സല്യ: 912 കുട്ടികൾക്ക് സംരക്ഷണം

Monday 14 July 2025 12:07 AM IST

കൊച്ചി: 'മിഷൻ വാത്സല്ല്യ'യുടെ കരുതലിൽ ജില്ലയിലെ വിവിധ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. 49 സ്ഥാപനങ്ങളിലായി 912 കുട്ടികളാണുള്ളത്. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും കുറ്റവാളികളായ കുട്ടികളെ നേർ വഴിയിലേക്ക് നയിക്കാനും സംസ്ഥാന വനിത, ശിശു വികസന വകുപ്പ് ആരംഭിച്ചതാണ് പദ്ധതി.

ബാലനീതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തുടക്കം. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കാണ് മേൽനോട്ടച്ചുമതല.

വീടുകളിൽ കഴിയാൻ സാധിക്കാത്ത കുട്ടികളെക്കുറിച്ച് പൊലീസിനും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും ജുഡീഷ്യൽ അധികാരമുള്ള സി.ഡബ്ല്യു.സികളിലും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അന്വേഷണം നടത്തും. പിന്നീട് പ്രശ്‌നം നേരിടുന്ന കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ജുഡീഷ്യൽ അധികാരമുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജുവനൈൽ ജസ്റ്റിസ് ബോർഡുമാണ് കേസുകൾ പരിഗണിച്ച് ഉത്തരവുകൾ ഇറക്കുന്നത്.

മിഷൻ വാത്സല്യ പദ്ധതി

1. ലൈംഗിക ചൂഷണം നേരിട്ട് വീടുകളിൽ നിന്ന് പുറത്തായ കുട്ടികൾ, അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾ, വിവിധ കാരണങ്ങളാൽ സ്വന്തം വീട്ടിൽ കഴിയാനാകാത്തവർ, കുറ്റ കൃത്യങ്ങളിലേർപ്പെട്ട കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ നൽകി കരുതലോടെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുക

2. ഓരോ കുട്ടിക്കും ആ രോഗ്യവും സന്തോഷവുമുള്ള ബാല്യകാലം ഉറപ്പാക്കുക

3. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളരാൻ സഹായിക്കുക,

4. ശൈശവ വിവാഹം, വിദ്യാഭ്യാസ അവകാശ നിയമം, പോക്‌സോ, ബാലവേല നിയമങ്ങൾ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവയും മിഷൻ വാത്സല്യയുടെ ലക്ഷ്യങ്ങൾ.

18 കഴിഞ്ഞാൽ ആഫ്ടർകെയർ

18 വയസുവരെയാണ് മിഷൻ വാത്സല്യ പദ്ധതിപ്രകാരം കുട്ടികൾക്ക് സംരക്ഷണമൊരുക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലുൾപ്പെട്ട രണ്ട്‌സെന്ററുകൾ ഉൾപ്പെടെയാണ് ജില്ലയിൽ 49 ചൈൽഡ്കെയർ ഇൻസ്റ്റിറ്റ്യൂഷനുകളുള്ളത്. ഏറെയും വിവിധ എൻ.ജി.ഒകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. 18 വയസിന് ശേഷവും സംരക്ഷണം ആവശ്യമുള്ള പെൺകുട്ടികൾക്ക് 21 വയസു വരെ കഴിയാൻ 'ആഫ്ടർ കെയർ ഹോം' എന്ന പദ്ധതിയുണ്ട്.

സംഗീതവും യാത്രയും

ചൈൽഡ്കെയർ ഇൻസ്റ്റിറ്റ്യുഷനുകളിൽ താമസിക്കുന്നവർക്ക് കൗൺസലിംഗിന് പുറമേ മാനസികോല്ലാസത്തിനായി സർഗാത്മക പ്രവർത്തനങ്ങൾ, സംഗീതവുമായി ബന്ധപ്പെട്ട പരിപാടികൾ, വിനോദയാത്രകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.