കൊച്ചിയുടെ 'വാസ്കോ" പുതു യൗവനത്തിലേക്ക്
റോബർട്ട് ബ്രിസ്‌റ്റോ എന്ന ബ്രിട്ടീഷ് എൻജിനിയർ സഞ്ചരിച്ച ബോട്ട്
കൊച്ചി: നൂറുവർഷത്തിലേറെ പഴക്കമുള്ള പൂർണമായും തേക്കിൻതടിയിൽ നിർമ്മിച്ച കൊച്ചിയുടെ സ്വന്തം 'വാസ്‌കോ" ബോട്ട് പുനർജന്മത്തിനൊരുങ്ങുന്നു. റോബർട്ട് ബ്രിസ്‌റ്റോ എന്ന ബ്രിട്ടീഷ് എൻജിനിയർ കൊച്ചി തുറമുഖം സൃഷ്‌ടിക്കാൻ കടലിലും കായലിലും സഞ്ചരിച്ചത് വാസ്‌കോയിലായിരുന്നു. കൊച്ചിയുടെ ചരിത്രവുമായി ബന്ധമുള്ള വാസ്കോയെ നവീകരിച്ച് സ്‌മാരകമാക്കുകയാണ് സ്വകാര്യ സംരംഭകൻ.
1920ലാണ് റോബർട്ട് ബ്രിസ്റ്റോ കൊച്ചിയിൽ കപ്പലിറങ്ങിയത്. അന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം വാസ്‌കോയുമുണ്ടായിരുന്നു. കായലിലും കടലിലും ഈ ബോട്ടിൽ സഞ്ചരിച്ചാണ് ബ്രിസ‌്‌റ്റോ സർവേ നടത്തിയത്. കടൽത്തിരമാലകളുടെ ശക്തി, വേലിയേറ്റം, ഒഴുക്ക്, സമീപ ദ്വീപുകൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ ബ്രിസ്‌റ്റോ ഉപയോഗിച്ചത് വാസ്‌കോയെയാണ്.
26 അടി നീളവും ഏഴടി ഉയരവുമുള്ള വാസ്കോ നിർമ്മിച്ച വർഷം വ്യക്തമല്ല. 12 പേർക്ക് സഞ്ചരിക്കാം. കിർലോസ്‌കർ കമ്പനിയുടെ ഇരട്ട സ്ട്രോക്ക് എൻജിനാണ് ഘടിപ്പിച്ചത്. ബ്രിസ്‌റ്റോയുടെ 'കൊച്ചിൻ സാഗ" എന്ന പുസ്‌തകത്തിൽ മൂന്നിടത്ത് ബോസ്‌കോയെ പരാമർശിക്കുന്നുണ്ട്. 'ആദ്യമായി കൊച്ചിയിൽ വന്നപ്പോൾ അവൾ എന്നെ കാത്തുകിടക്കുകയായിരുന്നു" എന്നാണ് അദ്ദേഹം അനുസ്മരിച്ചത്. ദൗത്യം പൂർത്തിയാക്കി മടങ്ങിയ അദ്ദേഹം 1966ൽ 85-ാം വയസിൽ മരിച്ചു.
വിറ്റത് ആക്രിയായി
2010ൽ ആക്രിവസ്‌തുക്കളിൽ ഉൾപ്പെടുത്തി വാസ്കോയെ തുറമുഖം വിറ്റു. രണ്ടുലക്ഷം രൂപയ്‌ക്ക് കരുവേലിപ്പടിയിലെ സിത്താര ബോട്ട്‌യാർഡ് വാങ്ങി. വർഷങ്ങൾക്കുശേഷം ബോട്ടിന്റെ ചരിത്രം യാർഡ് ഉടമകൾ തിരിച്ചറിഞ്ഞതോടെ നവീകരിക്കാൻ തീരുമാനിച്ചു. നാലരമാസം മുമ്പാരംഭിച്ച അറ്റകുറ്റപ്പണി രണ്ടുമാസത്തിൽ പൂർത്തിയാകും. കേടായ തടിഭാഗങ്ങൾ മാറ്റി, പഴയ രൂപത്തിലാണ് നവീകരണം. പൊതുജനങ്ങൾക്ക് കാണാൻ തോപ്പുംപടിയിൽ സ്ഥാപിക്കും. 10 ലക്ഷം രൂപയാണ് ചെലവ്. പഴയ കപ്പലുകൾ വാങ്ങി പൊളിക്കുന്ന സിത്താര ബോട്ട് യാർഡ് ഉടമകൾ, സഹോദരങ്ങളായ കബീർ സിത്താര, സാജർ സിത്താര, അബീബ് സിത്താര, ഷെബീബ് സിത്താര എന്നിവരാണ്. കബീറാണ് മാനേജിംഗ് ഡയറക്‌ടർ.
പൊളിച്ചുവിൽക്കാനാണ് വാങ്ങിയത്. ചരിത്രവും പ്രധാന്യവും മനസിലായപ്പോൾ സംരക്ഷിക്കാൻ തീരുമാനിച്ചു. വരുംതലമുറയ്‌ക്കു വേണ്ടി സൂക്ഷിക്കും.
- സാജർ സിത്താര