രോഗം തോൽപ്പിച്ച തീർത്ഥയ്ക്ക് റാങ്ക്
കൊല്ലം: ആറുമാസത്തോളം ആശുപത്രിയിൽ ഓർമ്മകൾ മാഞ്ഞ്, മരണത്തിന്റെ പരീക്ഷണം അതിജീവിച്ച തീർത്ഥയ്ക്ക് സർവകലാശാല പരീക്ഷയിൽ ഒന്നാം റാങ്ക്. കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥിയായ തീർത്ഥ, ഇരട്ട മെയിൻ ബിരുദ കോഴ്സായ ബി.എ ഇംഗ്ളീഷ് ആൻഡ് മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പരീക്ഷയിലാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്.
പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗത്തിന്റെ പിടിയിലായത്. ഇടയ്ക്ക് രക്തക്കുഴൽ പൊട്ടി. സ്ട്രോക്ക് ഐ.സി.യുവിൽ മരണത്തോട് മല്ലിട്ടു. ആറ് മാസത്തെ ആശുപത്രി വാസത്തിനിടയിൽ ഓർമ്മകൾ പലതും മാഞ്ഞു. അവിടെ നിന്നാണ് ജീവിതത്തിലേക്ക് തിരികെ പടവെട്ടിക്കയറിയത്.
കോട്ടയം കളക്ടറേറ്റിലെ ക്ളാർക്കായ ചാത്തന്നൂർ കല്ലുവാതുക്കൽ ജൂലിവിഹാറിൽ ബി.പി. പൂർണിമയുടെ മകളാണ് തീർത്ഥ പി.സുജീഷ് (21). കൊല്ലം എസ്.എൻ പബ്ളിക് സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കവേ, തലവേദനയിൽ തുടങ്ങിയ രോഗമാണ്. ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ
പത്താം ക്ളാസ് പരീക്ഷയ്ക്ക് പിന്നെ ഒന്നരമാസം മാത്രം. വെറുതേ രജിസ്റ്റർ ചെയ്യേണ്ടെന്ന് സ്കൂൾ അധികൃതർ ഉപദേശിച്ചു. എന്നാൽ തീർത്ഥ പഠിക്കാൻ വാശിപിടിച്ചു. ഓർമ്മകൾ തിരിച്ചുപിടിച്ച് ആദ്യം മുതൽ പഠിച്ചു. 86 ശതമാനം മാർക്കോടെ വിജയം. കാവനാട് ലേക്ക് ഫോർഡ് സ്കൂളിൽ നിന്ന് പ്ളസ് ടുവിനും മികച്ച മാർക്കോടെ ജയം.
ലക്ഷ്യം സിവിൽ സർവീസ്
ഒരു വർഷം മുൻപുവരെയും മരുന്നുകൾ വേണ്ടിവന്നിരുന്നു. ഇപ്പോൾ രോഗം പൂർണമായും ഭേദമായി. എം.ബി.എയ്ക്ക് അഡ്മിഷൻ ലഭിച്ചെങ്കിലും വിദൂര പഠനത്തിൽ ഇംഗ്ളീഷ് മെയിനെടുത്ത് പി.ജി ചെയ്യാനാണ് തീരുമാനം. സിവിൽ സർവീസാണ് ലക്ഷ്യം. വേറിട്ട ശൈലിയിലാണ് പഠനം. മുറിയിൽ തലയിണകൾ ചാരിവയ്ക്കും. അത് കുട്ടികളാണെന്ന സങ്കല്പത്തിൽ പഠിപ്പിക്കും. ഉറക്കെ വായിച്ചും പറഞ്ഞും 'കുട്ടികളെ' പഠിപ്പിച്ചുകൊണ്ട് സ്വയം പഠിക്കും. അനുജൻ നിവേദ് പി.സുജീഷും ഇടയ്ക്ക് തലയിണയ്ക്ക് പകരം ഈ 'ട്യൂഷൻ ക്ളാസിൽ' ഇരിക്കാറുണ്ട്.